KOYILANDY DIARY.COM

The Perfect News Portal

പോക്‌സോ കേസ്; ഹോസ്റ്റൽ വാർഡൻ അറസ്റ്റിൽ

തൊടുപുഴ: മണക്കാട് പ്രീമെട്രിക് ട്രൈബൽ ബോയ്സ് ഹോസ്റ്റൽ വാർഡൻ പോക്‌സോ കേസിൽ അറസ്റ്റിൽ. കൊല്ലം പാവുമ്പ മണപ്പിള്ളി രാജീവ് ഭവനിൽ രാജീവിനെ (41)യാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്‍തത്. ഹോസ്റ്റലിലെ അഞ്ച് കുട്ടികൾക്കാണ് മോശം അനുഭവം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ജനുവരി 26നാണ് കേസിനാസ്‍പദമായ സംഭവം. ഇതിന് മുമ്പും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് സൂചനയുണ്ട്. 

പീഡനവിവരം കുട്ടികൾ ഹോസ്റ്റലിലെ ജീവനക്കാരെയാണ് അറിയിച്ചത്. ഇവർ സംയോജിത പട്ടികവർ​ഗ വികസന വകുപ്പ് പ്രോജക്ട് ഓഫീസറെ അറിയിച്ചു. ഇവിടെനിന്ന് 29ന് വൈകിട്ടാണ് പൊലീസിന് വിവരം ലഭിക്കുന്നത്. 30ന് രാവിലെ തൊടുപുഴ മണക്കാട് റോഡിൽ വാടകയ്‍ക്ക് താമസിക്കുന്ന വീട്ടിൽനിന്ന് രാജീവിനെ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. ആറു വർഷക്കാലമായി പ്രതി ഹോസ്റ്റലിൽ ജോലി ചെയ്യുന്നു.

 

കുട്ടികൾക്ക് മുമ്പും ഇയാളിൽനിന്ന് ഇത്തരം മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടോയെന്നും കൂടുതൽ കുട്ടികളെ ഇയാൾ ഉപദ്രവിച്ചിട്ടുണ്ടോയെന്നും കൗൺസിലിങ്ങിന് ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. കുട്ടികളെ വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പേടികാരണം കുട്ടികൾ കൂടുതൽ വിവരങ്ങൾ പറയാൻ മടിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ആകെ 62 കുട്ടികളാണ് ഹോസ്റ്റലിലുള്ളത്. പ്രതിയെ വൈദ്യപരിശോധനയ്‍ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

Advertisements
Share news