പോക്സോ കേസ് പ്രതിയെ ബംഗളൂരുവിൽനിന്ന് പിടികൂടി

കോഴിക്കോട് സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പന്നിയങ്കര പൊലീസ് ബംഗളൂരുവിൽ നിന്ന് പിടികൂടി. കണ്ണൂർ പുല്ലൂക്കര സ്വദേശി കല്ലാരപ്പീടികയിൽ ഉമ്മർ ഫിജിൻഷാ (25) ആണ് പിടിയിലായത്. വിദ്യാർത്ഥിനി പത്താംക്ലാസിൽ പഠിക്കുന്ന സമയം ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. 2022- ൽ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് സ്കൂളിൽനിന്ന് വിളിച്ചിറക്കി ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചു.
മറ്റൊരു ദിവസം സ്കൂളിനു മുന്നിൽ നിന്ന് സ്കൂട്ടറിൽ കയറ്റി ലോഡ്‌ജിൽ കൊണ്ടുപോയി പീഡിപ്പിച്ചു. പെൺകുട്ടിയുടെ നഗ്നഫോട്ടോകളും മൊബൈൽ ഫോണിൽ പകർത്തി. ഈ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിലും മറ്റും അപ്‌ലോഡ് ചെയ്യുകയും പെൺകുട്ടിയുടെ പിതാവിനും ബന്ധുക്കൾക്കും അയച്ചു നൽകുകയും ചെയ്തു. ഇതോടെ പ്രതി ജോലി സ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു. അന്വേഷണത്തിനിടെ പ്രതി ബംഗളൂരുവിൽ ഉണ്ടെന്ന് പൊലീസ് മനസ്സിലാക്കി. പന്നിയങ്കര സ്റ്റേഷൻ ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ കിരൺ ശശിധരൻ, എസ്‌സിപിഒ പ്രവീൺ, സിപിഒ രജീഷ് എന്നിവരടങ്ങിയ സംഘം ബംഗളൂരുവിലെ ആനന്ദനഗറിൽനിന്നാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.

