പ്ലസ് വൺ സീറ്റ് വിവേചനം ആരോപിച്ച് തെരുവ് ക്ലാസ് സംഘടിപ്പിച്ചു

വെൽഫെയർ പാർട്ടി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മലബാറിലെ പ്ലസ് വൺ സീറ്റ് വിവേചനം ആരോപിച്ച് തെരുവ് ക്ലാസ് സംഘടിപ്പിച്ചു. പ്ലസ് വൺ ഇംഗ്ലീഷിലെ ഗാന്ധിജിയുമായി ബന്ധപ്പെട്ട പാഠഭാഗമാണ് തെരുവ് ക്ലാസ്സിൽ ചർച്ച ചെയ്തത്. കൊയിലാണ്ടി ബസ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടിയിൽ ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡണ്ട് മുനീബ് എലങ്കമൽ ഉദ്ഘാടനം ചെയ്തു.

ഒരേ സംസ്ഥാനത്തെ വ്യത്യസ്ത മേഖലകൾക്കിടയിൽ ഇതുപോലെ വിദ്യാർത്ഥികളോട് വിവേചനം കാണിക്കുന്നത് സർക്കാർ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് മുനീബ് എലങ്കമൽ ആവശ്യപ്പെട്ടു. 50 കുട്ടികൾ ഇരിക്കേണ്ട ഹയർസെക്കണ്ട റി ക്ലാസിൽ 65 കുട്ടികളെ തിക്കിതിരുക്കി ക്ലാസ്സ് എടുക്കുന്നത് അശാസ്ത്രീയവും വിദ്യാർത്ഥി വിരുദ്ധവുമാണെന്ന് അദ്ദേഹം ആരോപിച്ചു.

മണ്ഡലത്തിലെ എസ്എസ്എൽസി, പ്ലസ് വൺ, വി എച്ച് സി സീറ്റുകളുടെ കണക്ക് പരിപാടിയിൽ വെച്ച് പ്രസിദ്ധീകരിച്ചു. കൊയിലാണ്ടി മണ്ഡലത്തിൽ മാത്രം 1600 ഓളം കുട്ടികൾക്ക് പഠനാവസരം നിഷേധിക്കപ്പെടുമെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡണ്ട് വി.കെ റഷീദ് മാസ്റ്റർ ചൂണ്ടിക്കാട്ടി. മണ്ഡലം സെക്രട്ടറി റഫീഖ് എം പുറക്കാട് സ്വാഗതം പറഞ്ഞു.
