KOYILANDY DIARY.COM

The Perfect News Portal

പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായി; ഇതുവരെ പ്രവേശനം നേടിയത് ആകെ 3,30,176 സീറ്റുകളിൽ

പരാതികളില്ലാതെ സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനം നടത്താൻ സാധിച്ചെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒരു ലക്ഷത്തിലേറെ പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിവുണ്ട്. മെറിറ്റില്‍ 45,000 സീറ്റുകളും മാനേജ്‌മെന്റില്‍ 16,000ത്തിലേറെ സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നതായും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ആകെ 4,17,835 പേരാണ് പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിച്ചത്. മുഖ്യഘട്ടത്തിൽ മെറിറ്റിൽ പ്രവേശനം നേടിയത് 2,72,129 പേരും സ്‌പോർട്‌സ് ക്വാട്ടയിൽ പ്രവേശനം നേടിയത് 4,508 പെരുമാണെന്ന് അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം നേടിയത് 1123 പേരും കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം നേടിയത് 19,032 പേരും മാനേജ്‌മെന്റ് ക്വാട്ടയിൽ പ്രവേശനം നേടിയത് 22,276 പേരും അൺ എയിഡഡിൽ ചേർന്നവർ 11,108 പേരുമാണ്. ആകെ 3,30,176 സീറ്റുകളിലാണ് സംസ്ഥാനത്ത് ഇതുവരെ പ്രവേശനം നേടിയത്.

 

അലോട്ട്‌മെന്റ് നൽകിയിട്ടും പ്രവേശനം നേടാത്തവർ 82,896 പേരാണ്. നിലവിലുള്ള ഒഴിവുകൾ മെറിറ്റ് 45,467, സ്‌പോർട്‌സ് ക്വാട്ടയിൽ 3,691, മോഡൽ റസിഡൻഷ്യൽ സ്‌കൂൾ 406, കമ്മ്യൂണിറ്റി ക്വാട്ട 5,019, മാനേജ്‌മെന്റ് ക്വാട്ട 16,675, അൺ എയിഡഡ് 42,218 എന്നിങ്ങനെയാണ്. സംസ്ഥാനത്ത് ആകെ 1,13,476 ഒഴിവുകളാണുള്ളത്. അൺ എയിഡഡ് സീറ്റുകൾ ഒഴിവാക്കിയാൽ തന്നെ 71,258 സീറ്റുകൾ ഒഴിഞ്ഞു കിടപ്പുണ്ട്. സംസ്ഥാനമൊട്ടാകെ പ്രവേശനം നേടാനുള്ള അപേക്ഷകരുടെ എണ്ണം 87,659 മാത്രമാണ്.

Advertisements

 

മലപ്പുറം ജില്ലയിൽ ആകെ 20736 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുവെന്നും പ്രവേശനം നേടാനുള്ള അപേക്ഷകരുടെ എണ്ണം 16,066 മാത്രമാണെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇതുവരെ അപേക്ഷിക്കുവാൻ കഴിയാത്തവർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതു മൂലവും ഓപ്ഷനുകൾ നൽകാത്തതിനാലും അലോട്ട്‌മെന്റിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ/നിലവിലുള്ള അപേക്ഷകൾ പുതുക്കി സമർപ്പിക്കാവുന്നതാണ്.

 

മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ്‌ലഭിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കി നൽകാം. മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടും തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ പ്രവേശനം നിരാകരിക്കപ്പെട്ടവർക്ക് ഈ അവസരത്തിൽ തെറ്റുതിരുത്തി അപേക്ഷപുതുക്കി സമർപ്പിക്കാവുന്നതാണ്. സ്‌പോർട്‌സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട പ്രവേശനങ്ങൾ 2025 ജൂൺ 27 ന് പൂർത്തീകരിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി വേക്കൻസിയും നോട്ടിഫിക്കേഷനും 2025 ജൂൺ 28 ന്‌ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

Share news