KOYILANDY DIARY.COM

The Perfect News Portal

പിജി ദേശീയ പുരസ്‌കാരം അരുന്ധതി റോയിക്ക്

തിരുവനന്തപുരം: പിജി സംസ്കൃതി കേന്ദ്രത്തിന്റെ പിജി ദേശീയ പുരസ്‌കാരം പ്രമുഖ എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ അരുന്ധതി റോയിക്ക്. എം എ ബേബി ചെയർമാനും കെ ആർ മീര, ശബ്‌നം ഹശ്മി എന്നിവർ അംഗങ്ങളുമായ ജൂറി ആണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശം എന്നറിയപ്പെടുന്ന പിജിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള മൂന്നാമത് ദേശീയ പുരസ്‌കാരമാണ് ഇക്കൊല്ലം നൽകുന്നത്. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ആദ്യ പുരസ്കാരം  പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷണും രണ്ടാമത്തേത് പ്രശസ്ത മാധ്യമപ്രവർത്തകൻ എൻ റാമിനുമാണ് നൽകിയത്. 

 

ധീരമായ നിലപാടിൽ ഉറച്ചു നിന്നുകൊണ്ട് മാനവികമൂല്യങ്ങൾക്കായി നിരന്തരം പ്രവർത്തിക്കുകയും എഴുതുകയും സംസാരിക്കുകയും  ചെയ്യുന്ന അരുന്ധതി റോയ് എന്ത് കൊണ്ടും പിജി പുരസ്കാരത്തിന് ഏറ്റവും യോഗ്യയാണെന്ന് ജൂറി വിലയിരുത്തി. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ജനകീയ സമരങ്ങളിലേ സർഗാത്മക സാന്നിധ്യം എന്ന നിലയിലും അരുന്ധതി റോയ് ശ്രദ്ധേയയാണ്.

Advertisements

 

ഡിസംബർ 13 നു വൈകിട്ട് മൂന്നിന് അയ്യൻ‌കാളി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ എൻ റാം അരുന്ധതി റോയിക്ക് പുരസ്‌കാരം സമ്മാനിക്കും. മാർക്സിസ്റ്റ് ചിന്തകനും എഴുത്തുകാരനും വാഗ്മിയും ആയിരുന്ന പി ഗോവിന്ദ പിള്ളയുടെ സ്മരണാർത്ഥം 2019 ൽ ആണ് പിജി സംസ്കൃതി കേന്ദ്രം ആരംഭിച്ചത്. പിജിയുടെ സ്മരണ നിലനിർത്തുകയും ഒപ്പം പിജി വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന്റെ പ്രചാരണത്തിന് ആവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നതിനാണ് ഈ കേന്ദ്രം തുടങ്ങിയത്.

 

പിജി അരനൂറ്റാണ്ടിലേറെ ജീവിച്ച സുഭാഷ് നഗറിലെ മുളക്കൽ വീട്ടിലെ പിജിയുടെ പുസ്തക ശേഖരം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിട്ടുണ്ട്. കവി സുഗത കുമാരി ടീച്ചറിന്റെ പുസ്തകങ്ങളും മകൾ ലക്ഷ്മി ദേവി പിജി ലൈബ്രറിക്ക് സംഭാവന ചെയ്തിട്ടുണ്ട്. എഴുത്തുകാരി ചന്ദ്രമതിയുടെ പുസ്തകങ്ങളും ഈ ലൈബ്രറിയിൽ സൂക്ഷിക്കുന്നുണ്ട്. 

Share news