മൂര്‍ഖനില്‍ നിന്ന് സാഹസികമായി ഉടമയുടെ ജീവന്‍ രക്ഷിച്ച് വളര്‍ത്തുനായ

ആലപ്പുഴ: മൂര്‍ഖനില്‍ നിന്ന് സാഹസികമായി ഉടമയുടെ ജീവന്‍ രക്ഷിച്ച് വളര്‍ത്തുനായ. റോക്കി എന്ന നായയാണ് ഉടമയെ മൂര്‍ഖനില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍, മൂര്‍ഖനെ നേരിടുന്നതിനിടയ്ക്ക് പാമ്പിന്റെ കടിയേറ്റതിനെ തുടര്‍ന്ന്, നായയെ മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. നായ ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 1.30-ഓടെയായിരുന്നു സംഭവം. വിദേശത്ത് നിന്ന് നാട്ടിലെത്തുന്ന ഭര്‍ത്താവ് സുഭാഷിനെ കൂട്ടികൊണ്ടുവരാനായി പച്ച തോട്ടുകടവിലെ വീട്ടുമുറ്റത്തേക്ക് ഇറങ്ങുകയായിരുന്നു തുഷാര. ആ സമയം, മൂര്‍ഖന്റെ സാന്നിധ്യം അറിഞ്ഞ വളര്‍ത്തുനായ പാമ്പിന് നേരെ കുതിച്ചു. മൂര്‍ഖനുമായുള്ള ഏറ്റുമുട്ടലില്‍, പാമ്പിനെ കടിച്ചു കുടഞ്ഞ് കൊന്നു. എന്നാല്‍, കടിച്ചു കുടയുന്നതിനിടയില്‍ നായയ്ക്ക് മൂര്‍ഖന്റെ കടിയേല്‍ക്കുകയായിരുന്നു. കടിയേറ്റ നായയെ ആലപ്പുഴയിലെ മൃഗാശുപത്രിയിലും ഹരിപ്പാട്ടെ ആശുപത്രിയിലും എത്തിച്ച് പ്രഥമശുശ്രൂഷ നല്കി. ശേഷം വിദഗ്ധചികിത്സയിക്കായി തിരുവല്ലയിലെ ഒരു സ്വകാര്യ മൃഗാശുപത്രിയിലേക്കും മാറ്റി. യഥാസമയം ചികിത്സ ലഭ്യമാക്കിയതിനാല്‍ നായ അപകടനില തരണം ചെയ്തു.

