KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്ര കൊലപാതകം; പ്രതിയെ കാപ്പ ചുമത്തി തടവിലാക്കി

കൊണ്ടോട്ടി: പേരാമ്പ്രയില്‍ സ്ത്രീയെ കൊലപ്പെടുത്തി ആഭരണം കവർന്ന കേസില്‍ ജയിലിൽ കഴിയുന്ന പ്രതിയ്ക്കെതിരെ കാപ്പ ചുമത്തി. കൊണ്ടോട്ടി നെടിയിരുപ്പ് ചെറുപറമ്പ് സ്വദേശി കാവുങ്ങൽ നമ്പിലത്ത് വീട്ടിൽ മുജീബ് റഹ്മാനെ (49)യാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് ശശിധരന്റെ റിപ്പോർട്ട് പ്രകാരം കലക്ടർ വി ആർ വിനോദാണ് ഉത്തരവിറക്കിയത്. പ്രതിയെ വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ തടവിലാക്കി.

 

 

കഴിഞ്ഞ മാർച്ചിലായിരുന്നു പേരാമ്പ്രയിലെ കൊലപാതകം. തനിച്ച് യാത്രചെയ്ത സ്ത്രീക്ക് വാഹനത്തിൽ ലിഫ്റ്റ് നൽകി ആളൊഴിഞ്ഞ സ്ഥലത്തെത്തി കൊലപ്പെടുത്തി ആഭരണങ്ങൾ കവരുകയായിരുന്നു. തട്ടിക്കൊണ്ടുപോയി ബലാത്സംഗം, വീടിനുള്ളിൽ അതിക്രമിച്ച് കയറി സ്ത്രീകളെ ദേഹോപദ്രവം ഏൽപ്പിക്കല്‍, തട്ടിക്കൊണ്ടുപോയി തടങ്കലിൽവച്ച് ദേഹോപദ്രവം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പ്രതിയാണ് മുജീബ് റഹ്മാൻ.

 

മലപ്പുറം പരപ്പനങ്ങാടിയിൽ 2000ൽ നടന്ന കൊലപാതക കേസിൽ ശിക്ഷ അനുഭവിച്ച് ജയിൽ മോചിതനായിരുന്നു. മുക്കത്ത് സ്ത്രീയെ ബലാത്സംഗം ചെയ്ത് കവർച്ച നടത്തിയ കേസിലും വയനാട് തലപ്പുഴയിൽ സ്ത്രീക്കെതിരെ ബലാത്സംഗശ്രമം നടത്തി കവർച്ച നടത്തിയ കേസിലും പ്രതിയാണ്. കൊണ്ടോട്ടിയിൽ വീടിനുള്ളിൽ അതിക്രമിച്ച് കയറി കവർച്ച നടത്തുന്നതിനിടെ സ്ത്രീയെ ദേഹോപദ്രവമേൽപ്പിച്ചിട്ടുമുണ്ട്.

Advertisements
Share news