KOYILANDY DIARY.COM

The Perfect News Portal

ദക്ഷിണേന്ത്യൻ ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം നേടി പേരാമ്പ്ര ഹയർസെക്കണ്ടറി സ്‌കൂൾ അധ്യാപകൻ വിനീത് എസ്

പോണ്ടിച്ചേരിയിൽ നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം നേടി കോഴിക്കോട് പേരാമ്പ്ര ഹയർസെക്കണ്ടറി സ്‌കൂൾ അധ്യാപകൻ വിനീത് എസ്. ഈ മാസം 21 മുതൽ 25 വരെ നടന്ന മേളയിലാണ് ഈ ഫിസിക്‌സ് അധ്യാപകൻ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. പുതുച്ചേരി ഡയറക്ടറേറ്റ് ഓഫ് സ്‌കൂൾ എഡ്യുക്കേഷനും വിശ്വേശ്വരയ്യ ടെക്നോളജിക്കൽ ഇൻസ്റ്റിസ്റ്റ്യൂട്ടും സംയുക്തമായാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അധ്യാപകർക്കായി മത്സരം സംഘടിപ്പിച്ചത്. ഹൈസ്‌കൂൾ വിഭാഗത്തിൽ ഒമ്പതാം ക്ലാസിലെ ഗുരുത്വാകർഷണം എന്ന പാഠഭാഗത്തിൽ നിന്നുള്ള അപകേന്ദ്രബലവും അഭികേന്ദ്രബലവും ആണ് മത്സരത്തിനായി തെരഞ്ഞെടുത്ത വിഷയം.

കേരളം, തമിഴ്‌നാട്, കർണാടകം, തെലങ്കാന, ആന്ധ്രാപ്രദേശ് പുതുച്ചേരി സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള അധ്യാപകരാണ് ശാസ്ത്രമേളയിൽ പങ്കെടുത്തത്. കേരള വിഭാഗത്തിലാണ് വിനീത് മാഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. പഠിക്കാൻ വിഷമമുള്ള ഭാഗങ്ങൾ മാതൃകകൾ മുൻനിർത്തി എങ്ങനെ കുട്ടികളെ എളുപ്പത്തിൽ പഠിപ്പിക്കാം എന്ന ആലോചനയാണ് വിനീത് മാഷിനെ ടീച്ചിങ് എയ്ഡിലേക്ക് എത്തിക്കുന്നത്. പിന്നീട് അതൊരു മത്സര ഇനമായി മാറിയപ്പോൾ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും സ്വന്തമാക്കിയാണ് ദക്ഷിണേന്ത്യൻ മേളയിൽ വീണ്ടും വിനീത് മികവ് തെളിയിച്ചത്.

Share news