പേരാമ്പ്ര ബൈപാസ്: 30ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
പേരാമ്പ്ര: പേരാമ്പ്രയിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമായി പണിപൂർത്തിയായ ബൈപാസ് 30ന് പകൽ 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. കോഴിക്കോട് – കുറ്റ്യാടി സംസ്ഥാന പാതയിൽ കക്കാട് പള്ളിക്കടുത്തു നിന്ന് കല്ലോട് വരെ 2.73 കിലോമീറ്ററാണ് ബൈപാസ്. 2021 ഫെബ്രുവരിയിൽ മന്ത്രി ജി സുധാകരനാണ് പ്രവൃത്തി ഉദ്ഘാടനംചെയ്തത്. 997 സെന്റാണ് പൊന്നുംവില നൽകി ഏറ്റെടുത്തത്. 27.96 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കലിന് മാത്രമായി ചെലവഴിച്ചത്.
കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷനാണ് പദ്ധതി നടത്തിപ്പ്. ഊരാളുങ്കൽ സൊസൈറ്റിയാണ് നിർമാണം. 19.69 കോടി ചെലവിലാണ് 12 മീറ്റർ വീതിയിൽ റോഡ് പണിതത്. സ്ഥലം ഏറ്റെടുക്കലിനും ബൈപാസ് നിർമാണത്തിനും കിഫ്ബിയാണ് ഫണ്ട് ചെലവഴിച്ചത്. 13 ഇടങ്ങളിൽ ലിങ്ക്റോഡുണ്ട്. 109 കൂറ്റൻ തെരുവുവിളക്കുകളും സ്ഥാപിച്ചു.
അസാധ്യമെന്ന് യുഡിഎഫും ജമാഅത്തെ ഇസ്ലാമിയും തീവ്രവർഗീയ പ്രസ്ഥാനങ്ങളും വിധിയെഴുതിയ
പദ്ധതിയാണിത്. 2008ൽ ആരംഭിച്ച് 2010ൽ പൂർത്തിയാകേണ്ടിയിരുന്ന ബൈപാസ് 12 വർഷം വൈകിച്ചത് ജമാഅത്തെ ഇസ്ലാമിയും സോളിഡാരിറ്റിയും ഇവരെ പിന്തുണച്ച യുഡിഎഫും ചേർന്നാണ്.
1998ലെ എൽഡിഎഫ് സർക്കാരാണ് ബൈപാസിന് ബജറ്റിൽ ടോക്കൺ തുക വകയിരുത്തിയത്. 2008ൽ കെ കുഞ്ഞമ്മത് എംഎൽഎയുടെ ഇടപെടലിൽ ബജറ്റിൽ തുക വകയിരുത്തി.
രൂപരേഖ തയ്യാറാക്കി ഏറ്റെടുക്കൽ നടപടികളിലേക്ക് കടന്നതോടെ സോളിഡാരിറ്റിയും ജമാഅത്തെ ഇസ്ലാമിയും കുത്തിത്തിരിപ്പ് സമരം തുടങ്ങി. പേരാമ്പ്ര ടൗൺ നോക്കുകുത്തിയാകുമെന്ന് പ്രചരിപ്പിച്ച് യുഡിഎഫ് വ്യാപാരികളെ രംഗത്തിറക്കാനും ശ്രമിച്ചു. കോടതിയെ സമീപിച്ച് നടപടി നിർത്തിവെപ്പിച്ചു. 2011ൽ യുഡിഎഫ് അധികാരത്തിലെത്തിയതോടെ ഒരു നീക്കവും നടത്തിയില്ല. സുപ്രീം കോടതി ബൈപാസിന് അനുകൂലമായി വിധി പ്രഖാപിച്ചതോടെയാണ് നടപടി പുനരാരംഭിച്ചത്. 2016ൽ ടി പി രാമകൃഷ്ണൻമന്ത്രിയായിരിക്കെബൈപാസ് നിർമാണത്തിന് വേഗമേറി.
