വയനാട്ടിലെ മുത്തങ്ങ വനമേഖലയിൽ രാത്രി വെള്ളക്കെട്ടിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചു

മഴയും കൂരിരുട്ടും കാട്ടാനക്കൂട്ടങ്ങൾക്കിടിൽ രാത്രി മുത്തങ്ങ കാട്ടിൽ.. വയനാട്ടിലെ മുത്തങ്ങ വനമേഖലയിൽ രാത്രി വെള്ളക്കെട്ടിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത് ദീർഘനേരത്തെ രക്ഷാ പ്രവർത്തനത്തിലൂടെ. 500 ഓളം പേരാണ് ദേശീയപാതയിൽ കുടുങ്ങിയത്. വെള്ളക്കെട്ടിൽപ്പെട്ട് കേടായ വാഹനങ്ങൾ പുറത്തെത്തിക്കാൻ കഴിഞ്ഞിട്ടില്ല. കുടുങ്ങിയ യാത്രക്കാരെ ദീർഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് ബത്തേരി ഭാഗത്ത് എത്തിച്ചത്. തുടർന്ന് കുടുങ്ങിയ വാഹനങ്ങൾ പുറത്തെത്തിച്ചപ്പോൾ നേരം പുലർച്ചെയായി.

ചെറുവാഹനങ്ങൾ മുതൽ ടൂറിസ്റ്റ് ബസുകൾ വരെ മുത്തങ്ങ വനമേഖലയിലെ വെള്ളക്കെട്ടിൽ കുടുങ്ങിയിരുന്നു. വെള്ളക്കെട്ടിൽപ്പെട്ട് നിരവധി വാഹനങ്ങൾ കേടായി. പൊലീസ്, ഫയർ ഫോഴ്സ്, സന്നദ്ധ സംഘടനകൾ, വാട്ട്സ്ആപ്പ് കൂട്ടായ്മകൾ, നാട്ടുകാർ എന്നിവരുടെയൊക്കെ നേതൃത്വത്തിലാണ് രാത്രി ഏറെ വൈകിയും വാഹനങ്ങൾ പുറത്തെത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നത്. കെഎസ്ആർടിസി ബസ് ഉൾപ്പെടെ എത്തിച്ചാണ് ആളുകളെ ബത്തേരിയിലേക്ക് കൊണ്ടുപോയത്.


ട്രക്കിംഗ് പാത വഴി ആളുകളെ പുറത്തെത്തിക്കാൻ ഒരുഘട്ടത്തിൽ ശ്രമങ്ങൾ നടന്നെങ്കിലും കാട്ടാന ഭീഷണിയെത്തുടർന്ന് ഇതിൽ നിന്ന് പിന്തിരിയേണ്ടിവന്നു. ഒരു ഘട്ടത്തിൽ കാട്ടാനയെ മുഖാമുഖം കാണുന്ന സ്ഥിതിയുമുണ്ടായി. പിന്നീടാണ് വാഹനങ്ങളും ക്രെയിനും ഉപയോഗിച്ചുകൊണ്ട് നീണ്ട നേരത്തെ പരിശ്രമത്തിലൂടെ വാഹനങ്ങളെ ബത്തേരിയിലേക്ക് മാറ്റിയത്.

