പെൻഷൻ 60 വയസ്സിന് മുകളിലുള്ളവർക്കും ലഭ്യമാക്കണം: കെ. കെ.എം.എ
കൊയിലാണ്ടി: 60 വയസ്സിന് മുകളിലുള്ളവർക്കും പെൻഷൻ ലഭ്യമാക്കണമെന്ന് കെ.കെ.എം.എ ആവശ്യപ്പെട്ടു. കുവൈത്ത് പോലുള്ള ഗൾഫ് രാജ്യങ്ങളിൽ ജോലി നിഷേധിക്കുന്ന സാഹചര്യത്തിൽ ഗത്യന്തരമില്ലാതെ നാട്ടിൽ തിരിച്ചെത്തുന്ന മലയാളികൾക്ക് കൂടി പെൻഷൻ ലഭിക്കുന്ന വിധം പ്രവാസി ക്ഷേമ നിധിയിൽ സമൂലമായ മാറ്റങ്ങൾ ഉണ്ടാക്കണമെന്ന് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി കേരള സർക്കാറിനോട് അഭ്യർത്ഥിച്ചു.

അറുപത് വയസ്സ് വരെയുള്ളവർക്ക് മാത്രമാണ് നിലവിൽ പെൻഷന് അർഹതയുള്ളത്. ബദരിയാ വിമൻസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ ജനറൽ ബോഡി യോഗത്തിൽ പ്രസിഡണ്ട് എം. സി. ശറഫുദ്ധീൻ ആധ്യക്ഷത വഹിച്ചു. ആർ. വി. അബ്ദുൽ ഹമീദ് മൗലവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗം മുഖ്യ രക്ഷാധികാരി സിദ്ദീഖ് കൂട്ടുമ്മുഖം ഉത്ഘാടനം ചെയ്‌തു.
കുറഞ്ഞ ചിലവിൽ കുവൈത്തിൽ നിന്നും സംഘടിപ്പിക്കുന്നത് പോലെ സമൂഹ ഉംറ കെകെഎംഎ യുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്നും നടത്തുവാൻ പരിപാടികൾ ആവിഷ്കരിച്ചു. അബ്ദുൽ റസാഖ് മേലടി മുഖ്യ പ്രഭാഷണം നടത്തി. ഇ. കെ. അബ്ദുള്ള, ബഷീർ മേലടി, സി. എച്ച്. അബ്ദുള്ള, അബ്ദുൽ ഹമീദ് മൗലവി, എം. കെ. മുസ്തഫ, യു. എ. ബക്കർ തുടങ്ങിയവർ പ്രസംഗിച്ചു.

ഭാരവാഹികളായി എം. കെ. മുസ്തഫ (പ്രസിഡണ്ട്),  എം.സി. ശറഫുദ്ധീൻ (ജനറൽ സെക്രട്ടറി), പി. ഇ. ഹാഷിം തങ്ങൾ (ട്രഷറർ) സി. എച്ച്. അബ്ദുള്ള, (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.


 
                        

 
                 
                