പാവങ്ങാട് മേൽപ്പാലം അപ്രോച്ച് റോഡ് പ്രവൃത്തി ആരംഭിച്ചു
.
പുതിയങ്ങാടി: പുതിയാപ്പ തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാവങ്ങാട് പുതിയാപ്പ റെയിൽവേ മേൽപ്പാലത്തിൻ്റെ അപ്രോച്ച് റോഡ് നിർമാണത്തിന്റെ പ്രവൃത്തി ആരംഭിച്ചു. പാവങ്ങാട് നടന്ന ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. എം കെ രാഘവൻ എംപി മുഖ്യാതിഥിയായി. 2013ൽ 3.66 കോടി രൂപയിൽ ആരംഭിച്ച പ്രവൃത്തി അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കാത്തതിനാൽ പാലം റെയിൽപാളത്തിന് മുകളിൽ മാത്രമായി അവസാനിക്കുകയായിരുന്നു. പിന്നീട് അധികാരത്തിലെത്തിയ ഒന്നാം പിണറായി സർക്കാരാണ് തുടർനടപടികൾ നടത്തിയത്.

തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയുടെ നിരന്തര ഇടപെടലിന്റെ ഭാഗമായാണ് പാലം നിർമാണത്തിലേക്കെത്തിയത്. നെഗോഷ്യേറ്റഡ് പർച്ചേസ് പദ്ധതിയിലൂടെ ആളുകൾക്ക് മതിയായ പണം നൽകിയാണ് 36 പേരിൽ നിന്നായി 49 സെന്റ് സ്ഥലം സർക്കാർ ഏറ്റെടുത്തത്. രണ്ടുതവണ എസ്റ്റിമേറ്റ് റിവേഴ്സ് ചെയ്ത് 13.77 കോടി രൂപ സർക്കാർ അനുവദിച്ചു. കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസിനാണ് നിർമാണ ചുമതല. 10 മാസത്തിനകം പ്രവൃത്തി പൂർത്തീകരിക്കാനാവുമെന്ന് പ്രവൃത്തി ഏറ്റെടുത്ത ടാൻ ബി കൺസ്ട്രക്ഷൻസ് ആൻഡ് പിഎംആർ കൺസ്ട്രക്ഷൻ അധികൃതർ പറഞ്ഞു. ആർബിഡിസി ഡിജിഎം സി ദേവേശൻ റിപ്പോർട്ട് അവതരിപ്പിച്ചു.

വികസന സമിതി അധ്യക്ഷൻ വി പി മനോജ്, കൗൺസിലർമാരായ പി പ്രസീന, നിഷിത ശിവൻ, ഇ. സുനിൽകുമാർ, ആമിറ സിറാജ്, ഇ. ഷൈനി, സിപിഐ എം നോർത്ത് ഏരിയാ സെക്രട്ടറി കെ. രതീഷ്, പി. കൃഷ്ണകുമാർ, എം. കെ പ്രജോഷ്, എം പി സൂര്യനാരായണൻ, പി. സുബ്രഹ്മണ്യൻ, അബ്ദുൽ മജീദ്, പ്രവീൺ തയ്യിൽ, പോൾസൺ, അഡ്വ. ബാബു ബെനഡിക്ട്, സി പി ഹമീദ്, റഹീം മൂഴിക്കൽ, എം അൻസാർ, വിജിൻ ജയൻ എന്നിവർ സംസാരിച്ചു.




