KOYILANDY DIARY.COM

The Perfect News Portal

ആശുപത്രിയിൽ ഉപേക്ഷിച്ചുപോയ കുഞ്ഞിനെ ഏറ്റെടുക്കാമെന്ന് ഝാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ

കൊച്ചിയിലെ ആശുപത്രിയിൽ ഉപേക്ഷിച്ചുപോയ കുഞ്ഞിനെ ഏറ്റെടുക്കാമെന്ന് ഝാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ. കുഞ്ഞിനെ വിഡിയോ കോൾ വഴി കണ്ടു. എറണാകുളം നോർത്ത് പൊലീസിനെയാണ് മാതാപിതാക്കൾ നിലപാട് അറിയിച്ചത്. മാതാപിതാക്കളുടെ സാമ്പത്തിക ശേഷി കൂടി പരിഗണിച്ച ശേഷമാകും സിഡബ്ല്യുസി തീരുമാനം എടുക്കുക.

 

ഏഴാം മാസത്തിൽ ജനനം. മാതാപിതാക്കൾ ഉപേക്ഷിച്ചു. എന്നാൽ ഒരുപാട് അമ്മമാരുടെ പരിചരണത്തിൽ അവൾ വളർന്നു. ഒടുവിൽ കേരളത്തിന്റെ നിധിയായി മാറുകയായിരുന്നു. 950 ഗ്രാം തൂക്കമാണ് ആദ്യം ഉണ്ടായത്. ഒന്നരമസത്തിനിപ്പുറം 2.50കിലോയിലേക്ക് എത്തി പൂർണ ആരോഗ്യവതിയായാണ് ആശുപത്രിയിൽ നിന്നുള്ള മടക്കം. എറണാകുളത്തെ സിഡബ്ല്യുസി കേന്ദ്രത്തിൽ ആകും കുട്ടിയെ പാർപ്പിക്കുക. എല്ലാ മാസവും ആരോഗ്യസ്ഥിതി പരിശോധിക്കും.

 

കോട്ടയം ഫിഷ് ഫാമിൽ ജോലി ചെയ്തിരുന്ന ഝാർഖണ്ഡ് സ്വദേശികളായ മംഗളേശ്വർ-രഞ്ജിത ദമ്പതികളുടേതാണ് കുഞ്ഞ്. വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ ലൂർദ് ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് മംഗളേശ്വറും രഞ്ജിതയും തിരികെ ഝാർഖണ്ഡിലേക്ക് പോയത്. പിന്നീട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്നാണ് കുഞ്ഞിനെ ഏറ്റെടുക്കാനുള്ള തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.

Advertisements
Share news