പന്തീരാങ്കാവ് കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച് പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും
കോഴിക്കോട് പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കോഴിക്കോട് ജില്ല സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ കഴിഞ്ഞദിവസം കൂട്ടുപ്രതി രാജേഷിനെ കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതി രാഹുലിനെ ഒളിച്ചു കടത്താൻ സഹായിച്ചതിന് രാജേഷിനെതിരെ ഐപിസി 212 വകുപ്പ് ചുമത്തിയിരുന്നു. രാഹുലിനെ കണ്ടെത്താനുള്ള നടപടി ആരംഭിച്ചുവെന്ന് എസിപി സാജു പി അബ്രഹാം അറിയിച്ചു.

ബ്ലൂ കോർണർ നോട്ടീസിൽ റിപ്പോർട്ട് കിട്ടിയാൽ യെല്ലോ കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിയെ ബാംഗ്ളൂരിലെത്തിക്കാൻ സഹായിച്ചയാളാണ് രാജേഷ്. ഇരയെ ആക്രമിക്കുമ്പോള്‍ രാഹുല്‍ ഗോപാലിനൊപ്പം രാജേഷ് ഉണ്ടായിരുന്നു. രാഹുല്‍ സിംഗപ്പുര്‍ വഴി ജര്‍മനിയില്‍ എത്തി എന്ന് രാജേഷ് പൊലീസിനോട് വെളിപ്പെടുത്തി. രാഹുലിനെതിരെ പുറപ്പെടുവിച്ച ബ്ലൂ കോർണർ നോട്ടീസ് സിങ്കപ്പൂര്‍ ജര്‍മ്മനി എന്നീ രാജ്യങ്ങളിലെ വിവരങ്ങൾ ശേഖരിക്കാനാണ്.




