KOYILANDY DIARY

The Perfect News Portal

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; യുവതിയുടെ വെളിപ്പെടുത്തൽ കേസ്‌ അന്വേഷണത്തെ ബാധിക്കില്ലെന്ന്‌ പൊലീസ്‌

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ഇരയായ യുവതിയുടെ വെളിപ്പെടുത്തൽ കേസ്‌ അന്വേഷണത്തെ ബാധിക്കില്ലെന്ന്‌ പൊലീസ്‌. ഗാർഹികപീഡനം വ്യക്തമാക്കുന്നതാണ്‌ യുവതി കോടതിയിൽ നൽകിയ രഹസ്യമൊഴിയും അന്വേഷണ ഉദ്യോഗസ്ഥന്‌ നൽകിയ മൊഴിയും. ഭർത്താവ് രാഹുൽ പി ഗോപാൽ മർദിച്ചുവെന്ന്‌ മൊഴികളിലെല്ലാം പറയുന്നു. പൊലീസിന് നൽകിയ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ്‌ രാഹുലിനെതിരെ വധശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തത്.

അതിനിടെ മകളെ കാണാനില്ലെന്ന പരാതിയുമായി യുവതിയുടെ പിതാവ് രം​ഗത്തെത്തി. ഒരാഴ്ചയോളമായി യുവതിയെ കാണാനില്ലെന്നാണ് പിതാവിന്റെ പരാതി. മകൾ സ്വയം മൊഴിമാറ്റിപ്പറയില്ലെന്നും ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്നുമാണ് വീട്ടുകാർ പറയുന്നത്. ജർമനിയിലുള്ള രാഹുലിനെ നാട്ടിലെത്തിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി ബ്ലൂകോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സിബിഐ വഴി റെഡ്‌കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. 

 

രാഹുൽ നാട്ടിലില്ലാത്തതിനാൽ രണ്ടുമുതൽ അഞ്ചുവരെയുള്ള പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷകസംഘത്തിന്റെ തീരുമാനം. രണ്ടാംപ്രതി രാഹുലിന്റെ അമ്മ ഉഷാകുമാരി, മൂന്നാംപ്രതി സഹോദരി കാർത്തിക, നാലാംപ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ്, അഞ്ചാംപ്രതി പന്തീരാങ്കാവ്‌ പൊലീസ് സ്‌റ്റേഷനിലെ സീനിയർ സിപിഒ ശരത്ത്‌ലാൽ എന്നിവർക്കെതിരെയാണ്‌  കുറ്റപത്രം. പ്രതിയെ വിദേശത്തേക്ക്‌ കടക്കാൻ സഹായിച്ച  ശരത്ത്‌ലാൽ ചൊവ്വാഴ്‌ച അന്വേഷണ ഉദ്യോഗസ്ഥർക്ക്‌ മുമ്പാക നൽകിയ മൊഴിയിൽ കേസിന്‌ സഹായകമായ വിവരങ്ങളുണ്ട്‌.

Advertisements

 

യുവതിയുടെ വെളിപ്പെടുത്തലുകൾ കേസിന്റെ അന്വേഷണത്തെ ബാധിക്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട്‌ യുട്യൂബ്‌ ചാനലിലൂടെ യുവതി നടത്തിയ വെളിപ്പെടുത്തലാണ്‌ കേസിൽ ട്വിസ്‌റ്റായത്‌. പൊലീസിനോടും മാധ്യമങ്ങളോടും നുണപറയേണ്ടി വന്നെന്നും അതിൽ കുറ്റബോധമുണ്ടെന്നുമായിരുന്നു യുവതി പറഞ്ഞത്‌. സ്ത്രീധനത്തിന്റെ പേരിൽ രാഹുൽ തന്നെ മർദിച്ചുവെന്നതടക്കമുള്ള കാര്യങ്ങൾ കള്ളമാണെന്നും വീട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ചാണ് പറഞ്ഞതെന്നും യുവതി പറഞ്ഞിരുന്നു.