പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; അഞ്ചാം പ്രതിയായ പൊലീസ് ഓഫീസറുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ബുധനാഴ്ച വിധി പറയും

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ അഞ്ചാം പ്രതിയായ സിവിൽ പൊലീസ് ഓഫീസറുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ബുധനാഴ്ച വിധി പറയും. പൊലീസ് റിപ്പോർട്ടിന്മേലുള്ള വാദം കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പൂർത്തിയായി. കേസിൽ പ്രതി ചേർത്തതോടെ പന്തീരാങ്കാവ് സ്റ്റേഷനിലെ പോലീസുകാരനായ കെ ടി ശരത്ത് ലാൽ ഒളിവിലാണ്.

ഒന്നാം പ്രതി രാഹുലിനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ചു എന്ന് കണ്ടെത്തിയതോടെ ശരത്ത് ലാൽ സസ്പെൻഷനിലാണ്. കേസിൽ രണ്ടും മുന്നും പ്രതികളായ രാഹുലിൻ്റെ അമ്മയെയും സഹോദരിയെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു.

അതേസമയം ഒന്നാം പ്രതി രാഹുൽ പി ഗോപാലിന്റെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാഹുലിന്റെ ഹോണ്ട അമൈസ് ആണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രാഹുലിന്റെ വീട്ടിൽ പൊലീസും ഫൊറൻസിക് സംഘവും പരിശോധന നടത്തി. കസ്റ്റഡിയിലെടുത്ത കാറിൽ നിന്ന് ഫൊറൻസിക് സംഘം രക്തക്കറ കണ്ടെത്തിയതിനെ തുടർന്ന് രക്തസാമ്പിൾ വിദഗ്ധ പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു.

