പന്തീരങ്കാവ് ബാങ്കിൽ നിന്നും പണം കൊള്ളയടിച്ച സംഭവം: 39 ലക്ഷം രൂപ പ്രതിയുടെ വീടിനടുത്തുള്ള പറമ്പിൽ നിന്ന് കുഴിച്ചെടുത്തു

പന്തീരങ്കാവ് ബാങ്കിൽ നിന്നും പണം കൊള്ളയടിച്ച സംഭവത്തിൽ 39 ലക്ഷം രൂപ പ്രതിയുടെ വീടിനു സമീപത്തെ പറമ്പിൽ നിന്നും കുഴിച്ചെടുത്ത് സിറ്റി പോലീസ്. കഴിഞ്ഞ മാസം 11-ാം തിയ്യതി പ്രതിയായ ഷിബിൻലാൽ എന്നയാൾ തനിക്ക് പന്തീരങ്കാവിൽ ഉള്ള ഒളവണ്ണ സർവ്വീസ് സഹകരണ ബാങ്കിൽനിന്നും ഗോൾഡ് ടേക്ക് ഓവർ ചെയ്ത് ഇസാഫ് ബാങ്കിലേക്ക് മാറ്റുന്നതിനായി ബാങ്കിനെ സമീപിച്ചിരുന്നു.

പ്രസ്തുത ബാങ്കിലെ സ്റ്റാഫുകളോടൊപ്പം പന്തീരങ്കാവിലുള്ള ഒളവണ്ണ സർവ്വീസ് സഹകരണ ബാങ്കിനു സമീപത്തുള്ള അക്ഷയ ഫൈനാൻസ് എന്ന സ്ഥാപനത്തിനടുത്തെത്തിയ സമയം പ്രതി ബാങ്ക് ജീവനക്കാരന്റെ കൈവശമുണ്ടായിരുന്ന നാൽപ്പതുലക്ഷം രൂപയടങ്ങിയ ബാഗ് ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ ഒരുലക്ഷം രൂപയടക്കം പിടികൂടുകയും തുടർന്ന് പലതവണ ചോദ്യം ചെയ്തിട്ടും പണത്തെക്കുറിച്ച് വിവരം ലഭിക്കാതിരിക്കുകയും തുടർന്ന് പണം കടത്തിയ കാര്യത്തിൽ കൂടുതൽ പേരുണ്ടെന്ന കണ്ടെത്തുകയുണ്ടായി.

തുടർന്ന് പ്രതിയുടെ ഭാര്യയെയും മറ്റും ചോദ്യം ചെയ്തതിൽ നിന്നും ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലും പണം കുഴിച്ചിട്ടതായി പോലീസിന് വിവരം ലഭിക്കുകയും ചെയ്തു. ഇന്ന് രാവിലെ ഫറോക്ക് എ.സി.പി. സിദ്ദീഖിന്റെ നേതൃത്വത്തിൽ പന്തീരങ്കാവ് ഇൻസ്പെ്കർ ഷാജുവും സംഘവും സമീപത്തെ പറമ്പിൽ നിന്നും പണവും മറ്റും കണ്ടെത്തുകയായിരുന്നു.
