പാലത്തായി പീഡനക്കേസ്: സംഘപരിവാർ നേതാവ് കെ പത്മരാജന് മരണംവരെ ജീവപര്യന്തം
.
പാലത്തായി പീഡനക്കേസിൽ സംഘപരിവാർ നേതാവായ അധ്യാപകൻ കെ പത്മരാജന് മരണംവരെ ജീവപര്യന്തം തടവ്. പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവും 1 ലക്ഷം പിഴയും (20 വർഷം വീതം) ശിക്ഷ വിധിച്ചിട്ടുണ്ട്. മാതൃകയാകേണ്ട അധ്യാപകൻ ചെയ്ത കുറ്റകൃത്യത്തിന് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. പ്രായമായ അമ്മയും ഭാര്യയും രണ്ട് കുട്ടികളുമുണ്ടെന്നും ശിക്ഷാ ഇളവ് വേണമെന്നും ശിക്ഷാവിധിയിലുള്ള വാദത്തിൽ പ്രതി കോടതിയോട് അഭ്യർത്ഥിച്ചിരുന്നു.

അധ്യാപകനായ പത്മരാജൻ നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയെ സ്‌കൂൾ ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. ബലാത്സംഗം, പോക്‌സോ വിവിധ വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ മൂന്ന്‌തവണ അധ്യാപകൻ ബാത്ത്‌റൂമിൽ കൊണ്ടുപോയി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പീഡനവിവരം ചൈല്‍ഡ് ലൈനിലാണ് ആദ്യം ലഭിച്ചത്.

കുട്ടിയുടെ മൊഴി രേഖപ്പെടുത്തി 2020 മാര്‍ച്ച് 17-ന് പാനൂര്‍ പോലീസ് കേസെടുത്തു. ഏപ്രില്‍ 15-ന് പൊയിലൂര്‍ വിളക്കോട്ടൂരില്‍നിന്ന് പ്രതിയെ പിടികൂടി. കേസ് പിന്നീട് ക്രൈംബ്രാഞ്ചും പ്രത്യേക അന്വേഷണസംഘവും അന്വേഷിച്ചു. പ്രത്യേക അന്വേഷണസംഘമാണ് പോക്സോ വകുപ്പ് ഉള്‍പ്പെടുത്തി അന്തിമ കുറ്റപത്രം നല്‍കിയത്.




