KOYILANDY DIARY

The Perfect News Portal

പാലാരിവട്ടം പാലം അഴിമതി: വി കെ ഇബ്രാഹിംകുഞ്ഞിന് എതിരെ ഇഡി അന്വേഷണം തുടരാമെന്ന് ഹെെക്കോടതി

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിന് എതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്(ഇഡി) അന്വേഷണം തുടരാമെന്ന്  ഹെെക്കോടതി. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. നേരത്തെ ഇബ്രാഹിം കുഞ്ഞ്  ഇഡി അന്വേഷണത്തിനെതിരെ സ്റ്റേ വാങ്ങിയിരുന്നു.

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട്‌‌ പത്തുകോടിയുടെ കള്ളപ്പണം നോട്ടുനിരോധനകാലത്ത്‌ വെളുപ്പിച്ചു എന്നാണ്‌ കേസ്‌. മുസ്ലീംലീഗിന്റെ മുഖപത്രമായ ‘ചന്ദ്രിക’യുടെ പേരിൽ പഞ്ചാബ്‌ നാഷണൽ ബാങ്കിന്റെ  എറണാകുളം മാർക്കറ്റ്‌ റോഡ്‌ ബ്രാഞ്ചിലെ  അക്കൗണ്ടിലാണ്‌ പത്തുകോടി രൂപ നിക്ഷേപിച്ചത്‌. കള്ളപ്പണനിക്ഷേപത്തിന്‌ ആദായനികുതി വകുപ്പിൽ പിഴയൊടുക്കിയതിന്റെ രേഖകൾ വിജിലൻസ്‌ റെയ്‌ഡിൽ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽനിന്ന്‌ പിടിച്ചെടുത്തിരുന്നു.