പെയ്ഡ് സർവ്വേകളും വന്നു തുടങ്ങി; ഇതിൽ ഓവർ ടെെം പണിയെടുക്കുന്നത് മലയാള മനോരമ: മുഖ്യമന്ത്രി

മലപ്പുറം: പെയ്ഡ് വാർത്തകളെ പോലെ മാധ്യമങ്ങൾ പെയ്ഡ് സർവ്വേകളും നടത്തി തുടങ്ങിയിട്ടുണ്ടെന്നും ഇതിൽ ഓവർ ടെെം പണിയെടുക്കുന്നത് മലയാള മനോരമയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് നേരത്തെ നടന്നിട്ടുള്ള തെരഞ്ഞെടുപ്പുകളിൽ നമ്മുടെ ചില മാധ്യമങ്ങൾ ഓവർടൈം പണിയെടുക്കാറുണ്ട്. അതിൽ മലയാള മനോരമയാണ് വല്ലാതെ അധ്വാനിക്കൽ എന്നത് നമ്മുടെ അനുഭവത്തിലുള്ളതാണ്. അർദ്ധ സത്യങ്ങളും അതിശയോക്തികളും നിരന്തരം പ്രചരിപ്പിച്ച് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതോടൊപ്പം തെരഞ്ഞെടുപ്പ് കാലത്ത് വലതുപക്ഷത്തിനു വേണ്ടി പത്രത്തിൻ്റെ മുക്കാൽ ഭാഗവും മാറ്റിവെക്കാനും അവർക്ക് യാതൊരു മടിയുമില്ലെന്നും മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചു.

ആ പത്രം തുറന്നു നോക്കിയാൽ സംസ്ഥാനത്ത് രണ്ടു മുന്നണികളേ മത്സരിക്കുന്നുള്ളൂ എന്ന്തോന്നും. ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ വാർത്തകൾ നല്ലതോതിൽ തമസ്കരിക്കുന്നു. ഇത് അനുഭവം കൊണ്ട് പറയുന്നതാണ്. ഞങ്ങൾ ഇടതുപക്ഷം ഉയർത്തുന്ന രാഷ്ട്രീയ വിഷയങ്ങളും വിമർശനങ്ങളും അപ്പാടെ തമസ്കരിക്കുകയാണ്. ഞാൻ ഈ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇതുപോലെ വാർത്താ സമ്മേളനങ്ങൾ നടത്തി. ഇതിനകം പതിനഞ്ചു മണ്ഡലങ്ങളിൽ പൊതു യോഗത്തിൽ സംസാരിച്ചു. കേന്ദ്ര സർക്കാരിനെതിരെയും അതിനെ നയിക്കുന്ന ആർ എസ് എസിഎസിനെതിരായും ശക്തമായ രാഷ്ട്രീയ എതിർപ്പുയർത്തിക്കൊണ്ടാണ് എല്ലായിടത്തും സംസാരിച്ചത്.

കോൺഗ്രസ്സിനെ വിമർശിക്കുന്നത്, ആർ എസ് എസിനെതിരെ അവർ ശക്തമായ നിലപാടെടുക്കുന്നില്ല എന്നത് കൊണ്ടാണ്. ആർഎസ്എസിനെ പേടിച്ച് സ്വന്തം പതാക പോലും ഒളിപ്പിച്ചു വെച്ച കോൺഗ്രസ്സിൻറെ ദയനീയ അവസ്ഥയെ ആണ് വിമർശിച്ചത്. രാഹുൽ ഗാന്ധി സംസ്ഥാനത്തു വന്ന നടത്തിയ പ്രസംഗത്തിൻറെ തലക്കെട്ട് മനോരമ കൊടുത്തത്, ‘മോദിയെ എതിർക്കൂ, പിണറായിയോട് രാഹുൽ എന്നാണ്. അതായത് നരേന്ദ്രമോദിയെ ഞാൻ എതിർക്കുന്നില്ല എന്ന നറേറ്റിവ് ഉണ്ടാക്കാൻ ആദ്യം എൻറെ പ്രസംഗത്തിലുണ്ടാകുന്ന അത്തരം ആശയങ്ങളെ തമസ്കരിച്ചു. അടുത്ത പടിയായി യു ഡി എഫ് നേതാക്കളെ ഉദ്ധരിച്ച് അത് സ്ഥാപിക്കാൻ ശ്രമിച്ചു. അതിൻറെ തുടർച്ചയാണ് ഇത്.

ആർഎസ്എസിനോടും അതിനെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവരോടും ഞങ്ങളുടെ നിലപാട് എന്താണെന്ന് ജനങ്ങൾക്ക് മനസ്സിലാക്കാൻ ഒരു കോൺഗ്രസ്സ് നേതാവിൻറെയും മനോരമയുടെയും ശുപാർശ വേണ്ട. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതേ കൂട്ടർ സർവ്വേ നടത്തി തോൽപ്പിച്ചവരുടെ പട്ടിക ഓർമ്മയില്ലേ? കെ കെ ശൈലജ, പി രാജീവ്, എം എം മണി, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, എം ബി രാജേഷ്. ഒരു വിശ്വാസ്യതയുമില്ല എന്ന് തെളിഞ്ഞിട്ടും അതെ പരിപാടിയുമായി വീണ്ടും വരികയും സമാനമായ പ്രവചനങ്ങൾ നടത്തുകയും ചെയ്യുന്നത് എന്തിനാണ്? അതിന്റെ ഭാഗമായി തെറ്റിധരിപ്പിച്ച് രണ്ട് വോട്ടെങ്കിലും കിട്ടുമോ എന്ന് നോക്കാനാണ് ശ്രമം.

പെയ്ഡ് വാർത്തയെ പോലെ തന്നെയാണോ ഇപ്പോഴത്തെ സർവേകളും എന്ന് ആളുകൾ സംശയിച്ചു തുടങ്ങിയിരിക്കുന്നു. പെയ്ഡ് സർവേകൾ ആണോ പുറത്തുവിടുന്നത് എന്നതാണ് ഉയരുന്ന സംശയം. എന്നാൽ എന്ത് ശാസ്ത്രീയ വിശകലനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ ഒരു നിഗമനത്തിൽ എത്തിയത് എന്ന് അവർ പ്രേക്ഷകരുമായി പങ്കുവെക്കില്ല. സർവ്വേ നടത്തുന്ന രീതി, എത്രപേരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു, ഫല പ്രവചനം എങ്ങനെ തുടങ്ങിയ വിവരങ്ങളൊക്കെ മറച്ചുവച്ചുകൊണ്ടാണ് പ്രീപോൾ സർവ്വേ ഫലം പുറത്തു വിടുന്നത്. ആധികാരികത എന്ത് എന്ന് ജനങ്ങൾക്കറിയില്ല. ഏതെങ്കിലും ഒരു ഏജൻസിയുടെ പിൻബലത്തിൽ തട്ടിക്കൂട്ടി പുറത്തുവിടുന്ന ഇത്തരം കണക്കുകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്ന ലക്ഷ്യത്തിൽ മാത്രം ഉള്ളതാണ്.

അതിൻറെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. ഉടുമ്പൻചോല മണ്ഡലത്തിൽ എം എം മണിക്ക് 40.7 ശതമാനം വോട്ടും യുഡിഎഫ് സ്ഥാനാർത്ഥിക്ക് 42% വോട്ടും ലഭിക്കുമെന്നായിരുന്നു മനോരമ സർവേയിലെ പ്രവചനം. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 38,305 വോട്ടുകൾക്ക് എം എം മണി വിജയിച്ചു. അതുപോലെ മട്ടന്നൂരിൽ കെ കെ ശൈലജ കടുത്ത മത്സരം നേരിടുന്നു എന്നായിരുന്നു മനോരമയുടെ കണ്ടെത്തൽ. പക്ഷെ, ഫലം എന്തായിരുന്നു എന്ന് നിങ്ങൾക്ക് അറിയാവുന്നതല്ലേ. ഏറ്റവും കൂടുതൽ വോട്ട് നേടി ജയിക്കുന്ന സ്ഥാനാർത്ഥിയായി കെ കെ ശൈലജ മാറി.

മനോരമയുടെ സ്നേഹം യുഡിഎഫിനോട് മാത്രമല്ല ബിജെപിയോടും ഉണ്ട്. അതുകൊണ്ട് അവരുടെ അന്നത്തെ സർവേയിൽ കഴക്കൂട്ടം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി വിജയിക്കുമെന്നായിരുന്നു പ്രവചനം. വിജയിച്ചത് എൽഡിഎഫ് സ്ഥാനാർത്ഥി. അതും 23497 വോട്ടുകൾക്ക്. അതുപോലെ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്ത് പോകുമെന്നായിരുന്നു മനോരമയുടെ പ്രവചനം. അവിടെ ബിജെപി സ്ഥാനാർത്ഥി രണ്ടാം സ്ഥാനത്തെത്തുമെന്നും മനോരമ നിശ്ചയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് കേവലം 22.2 ശതമാനം വോട്ട് മാത്രമായിരുന്നു മനോരമ നൽകിയത്. എന്നാൽ ജനങ്ങൾ നൽകിയത് 44.15 % വോട്ടുകൾ. അങ്ങനെ തിളക്കമാർന്ന വിജയം നേടി അഹമ്മദ് ദേവർകോവിൽ.

അതുകൊണ്ട് സർവ്വേകളെ ചവറ്റുകുട്ടയിൽ ഇട്ട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഒപ്പം നിന്നതുപോലെ ഇക്കുറിയും നാട് ഇടതുപക്ഷത്തോടൊപ്പം നിൽക്കും. ഇതുപോലുള്ള തട്ടിക്കൂട്ടിയ സർവ്വേ റിപ്പോർട്ടുകൾ കണ്ടും വ്യാജ വാർത്തകൾ വായിച്ചും രാഷ്ട്രീയനിലപാടെടുക്കുന്ന ശീലം കേരളത്തിലെ ജനങ്ങൾക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
