KOYILANDY DIARY.COM

The Perfect News Portal

നെല്ലുവില രണ്ടാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംഭരിച്ച നെല്ലിന്റെ വിലയായി കർഷകർക്ക് നൽകാനുള്ള പണം രണ്ടാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യാൻ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. നെല്ലുവില വിതരണം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് നിർദേശം.

നെല്ലു സംഭരണത്തിലെയും തുക വിതരണത്തിലെയും പ്രശ്നങ്ങളിൽ സ്ഥായിയായ പരിഹാരമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റമറ്റ രീതിയിൽ നെല്ല് സംഭരിച്ച് കർഷകർക്ക് കൃത്യമായി പണം നൽകണം. പാലക്കാട് ജില്ലയിലെ കർഷകർക്കാണ് കൂടുതൽ തുക നൽകാനുള്ളത്.

സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില കൊടുത്തു തീർക്കാൻ ബാങ്കുകളുടെ കൺസോർഷ്യം 400 കോടി രൂപകൂടി വായ്പ അനുവദിച്ചിട്ടുണ്ട്. സർക്കാർ നൽകാനുള്ള തുകയുടെ ഒരു ഭാഗവും അനുവദിക്കാൻ ധാരണയായിട്ടുണ്ട്. അത് രണ്ടാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യാനുള്ള നടപടികൾ എടുക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം. യോഗത്തിൽ മുഖ്യമന്ത്രി അധ്യക്ഷനായി. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജി ആർ അനിൽ, പി പ്രസാദ്, കെ. കൃഷ്ണൻകുട്ടി, എം ബി രാജേഷ്, ചീഫ് സെക്രട്ടറി വി. വേണു  എന്നിവർ സംസാരിച്ചു.

Advertisements

 

Share news