കോൺഗ്രസിന്റെ ബ്ലോക്കിൽ നിന്ന് പുറത്ത്; നിയമസഭയിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഇരിപ്പിടം മാറ്റും

നിയമസഭയിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഇരിപ്പിടം മാറ്റും. പ്രത്യേക ബ്ലോക്കായി രാഹുൽ സഭയിൽ ഇരിക്കേണ്ടി വരും. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പാർലമെൻററി പാർട്ടിയിൽ നിന്നും രാഹുലിനെ സസ്പെൻഡ് ചെയ്ത വിവരം പ്രതിപക്ഷ നേതാവ് സ്പീക്കറെ അറിയിച്ചു. തിങ്കളാഴ്ചയാണ് സഭാ സമ്മേളനം ആരംഭിക്കുക.

രാഹുൽ മങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ കേസ് വലിയ തിരിച്ചടിയാകുന്ന ഘട്ടത്തിലാണ് രാഹുലിന്റെ സസ്പെൻഷൻ പ്രതിപക്ഷ നേതാവ് ഔദ്യോഗികമായി സ്പീക്കറെ അറിയിച്ചത്. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പാർലമെൻററി പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്ത ഘട്ടത്തിൽ രാഹുലിൻ്റെ ഇരിപ്പിടം നിയമസഭയിൽ മാറ്റാൻ തീരുമാനിച്ചു. കോൺഗ്രസ് അംഗങ്ങൾക്കൊപ്പം എന്നതിൽ നിന്നും മാറി പ്രത്യേക ബ്ലോക്ക് ആയിട്ടാകും നിയമസഭയിൽ രാഹുലിന് ഇനി ഇരിക്കേണ്ടി വരിക. സഭയിലെ ചർച്ചയിൽ കോൺഗ്രസിന് അനുവദിക്കുന്ന സമയവും ഇനി രാഹുലിന് ലഭിക്കുകയില്ല.

തിങ്കളാഴ്ച മുതലാണ് സഭാ സമ്മേളനം ആരംഭിക്കുന്നത്. അതേസമയം സഭാ സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇപ്പോഴും വലിയ തർക്കം കോൺഗ്രസിനുള്ളിൽ തുടരുകയാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിഷയത്തിൽ നിന്നും ഒഴിഞ്ഞു മാറുമ്പോൾ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും യുഡിഎഫ് കൺവീനർ അടൂർ പ്രകാശും രാഹുൽ തീരുമാനിക്കട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത്. രാഹുൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്താൽ അത് തിരിച്ചടിയാകുമെന്ന് വിലയിരുത്തുന്ന നേതാക്കളും കോൺഗ്രസിനുള്ളിൽ ഉണ്ട്.

