KOYILANDY DIARY

The Perfect News Portal

അവയവക്കടത്ത്‌ കേസ്; മുഖ്യപ്രതി മധുവിന്‌ അന്തർദേശീയ റാക്കറ്റുകളുമായി ബന്ധമുണ്ടെന്ന്‌ സൂചന

കൊച്ചി: അവയവക്കടത്ത്‌ കേസിലെ മുഖ്യപ്രതി എറണാകുളം സ്വദേശി മധുവിന്‌ അന്തർദേശീയ അവയവക്കടത്ത്‌ റാക്കറ്റുകളുമായും ബന്ധമുണ്ടെന്ന്‌ സൂചന. ഇയാൾക്ക്‌ ശ്രീലങ്ക, മ്യാൻമാർ എന്നിവിടങ്ങളിലെ അവയവക്കടത്ത്‌ റാക്കറ്റുകളുമായും ബന്ധമുണ്ടെന്ന്‌ സംശയിക്കുന്നു. ഇറാനിലേക്ക്‌ മറ്റ്‌ ഇന്ത്യൻ സംസ്ഥാനങ്ങളിലുള്ള അവയവക്കടത്ത്‌ റാക്കറ്റുകൾ കയറ്റിവിടുന്ന വൃക്കദാതാക്കളെ കൈകാര്യം ചെയ്‌തിരുന്നത്‌ ഇറാനിൽ താമസിക്കുന്ന മധുവായിരുന്നു എന്നാണ്‌ കണ്ടെത്തൽ.

ജമ്മു കശ്‌മീർ, മഹാരാഷ്‌ട്ര, ഡൽഹി, ബംഗാൾ, മധ്യപ്രദേശ്‌, കർണാടകം, ആന്ധ്രപ്രദേശ്‌ സംസ്ഥാനങ്ങളിലുള്ളവർക്ക്‌ ഇയാൾവഴി അവയവങ്ങൾ കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്‌. ഇറാനിലെ ആശുപത്രികളുമായും സർക്കാർ ഉദ്യോഗസ്ഥരുമായും മധുവിന്‌ അടുത്തബന്ധമുണ്ട്‌. അവയവദാനം നടത്തുന്നവരെ ഈ ആശുപത്രികളിലെത്തിച്ച്‌ ശസ്‌ത്രക്രിയയ്‌ക്കുമുമ്പുള്ള പരിശോധനകൾ നടത്തിയിരുന്നു. മധു കഴിഞ്ഞവർഷം ഡൽഹിയിൽ എത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. അവയവക്കടത്തിന്റെ കാര്യങ്ങൾ ഏകോപിപ്പിക്കാനായിരുന്നു യാത്ര. എന്നാൽ, മൂന്നുവർഷമായി കേരളത്തിൽ വന്നിട്ടില്ല.

 

ഹൈദരാബാദിൽനിന്ന്‌ പിടികൂടിയ മുഖ്യസൂത്രധാരൻ വിജയവാഡ സ്വദേശി ബല്ലംകോണ്ട രാംപ്രസാദ്‌ എന്ന പ്രതാപിനെ കസ്റ്റഡിയിൽ ലഭിക്കാൻ അന്വേഷകസംഘം തിങ്കളാഴ്‌ച അപേക്ഷ നൽകും. ഇയാളുടെ ഫോണിലെ വിവരങ്ങൾ ഫോറൻസിക്‌ ലാബിൽ പരിശോധിച്ചുവരികയാണ്‌. പ്രതാപ്‌ രണ്ടുമാസത്തിനിടെ കോയമ്പത്തൂരിൽ എത്തിയതായി പ്രാഥമിക ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. പൊള്ളാച്ചിയിൽ താമസിക്കുന്ന പാലക്കാട്‌ സ്വദേശി ഷെമീറിനെ വൃക്ക കൈമാറ്റത്തിന്‌ സമ്മതിപ്പിക്കാനാണ്‌ എത്തിയത്‌.

Advertisements