നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്; ചർച്ചകൾക്ക് തയ്യാറാകാതെ ഒളിച്ചോട്ടം
.
പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിൽ ചർച്ചകൾക്ക് തയ്യാറാകാതെ പ്രതിപക്ഷം. ബഹളം വെച്ച് സഭയിൽ നിന്ന് ഇറങ്ങിപ്പോയി. കോടതിയിൽ പരാജയപ്പെട്ടപ്പോഴാണ് പ്രതിപക്ഷം നിയമസഭയിൽ ബഹളമുണ്ടാക്കുന്നതെന്ന് ഭരണപക്ഷം ആരോപിക്കുന്നു. സ്പീക്കർ പലവട്ടം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും അനാവശ്യ ബഹളം തുടർന്നു. ഇതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇനി ചൊവ്വാഴ്ച ആയിരിക്കും ചേരുക.

സ്വർണ്ണക്കടത്ത് കേസ്, മാങ്കൂട്ടത്തിലിന്റെ പീഡനക്കേസ് തുടങ്ങിയ വിഷയങ്ങളിൽ മറുപടിയില്ലാത്തതിനാലാണ് വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം സഭാനടപടികൾ തടസ്സപ്പെടുത്താൻ ശ്രമിച്ചത്. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാതെയാണ് പ്രതിപക്ഷം ഈ ബഹളം ഉണ്ടാക്കിയത് എന്നത് ഒരു പ്രധാന വസ്തുതയായി എംഎൽഎമാർ ചൂണ്ടിക്കാട്ടി.

പ്രതിപക്ഷത്തിന്റെ നടപടികളെ നേരിടാൻ ഭരണപക്ഷം “സ്വർണ്ണം കട്ടത് ആരപ്പാ, കോൺഗ്രസ് ആണേ അയ്യപ്പാ” എന്ന പാരഡി ഗാനം ഉപയോഗിച്ചു. സോണിയ ഗാന്ധിയുടെ വസതിയിൽ സ്വർണ്ണമുണ്ടെന്നും അത് റെയ്ഡ് ചെയ്യണമെന്നും മന്ത്രി വി. ശിവൻകുട്ടി സഭയിൽ ആവശ്യപ്പെട്ടു. സോണിയ ഗാന്ധിയെ കാണാൻ എന്തിനാണ് പോയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം കോൺഗ്രസിനോട് ചോദിച്ചു.

സ്വർണ്ണം കട്ടത് ആരെന്ന ചോദ്യത്തിന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനോടോ ഡൽഹിയിലെ സോണിയ ഗാന്ധിയുടെ വീട്ടിലോ പോയി ഉത്തരം തേടണമെന്ന് മന്ത്രി എം. ബി. രാജേഷ് പരിഹസിച്ചു. കട്ടവനെയും കട്ടമുതൽ വാങ്ങിയവനെയും സോണിയ ഗാന്ധിക്കൊപ്പമുള്ള ഒറ്റ ചിത്രത്തിൽ കാണാമെന്നും അദ്ദേഹം ആരോപിച്ചു.
യുഡിഎഫ് ഭരണകാലം മുതലുള്ള സ്വർണ്ണക്കൊള്ളയെക്കുറിച്ച് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണത്തെയും പ്രത്യേക അന്വേഷണ സംഘത്തെയും (SIT) അധിക്ഷേപിക്കാൻ ശ്രമിച്ച പ്രതിപക്ഷത്തിന് കോടതിയിൽ നിന്ന് കനത്ത തിരിച്ചടി ലഭിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി.



