KOYILANDY DIARY.COM

The Perfect News Portal

നിയമസഭയിൽ അക്രമ സമരവുമായി പ്രതിപക്ഷം; സംഘർഷത്തിൽ ചീഫ് മാർഷലിന് പരിക്കേറ്റു

.

നിയമസഭയിൽ അക്രമ സമരവുമായി പ്രതിപക്ഷം. സംഘർഷത്തിൽ ചീഫ് മാർഷലിന് പരിക്കേറ്റു. തുടർച്ചയായ നാലാം ദിനവും തുടക്കം മുതൽ സഭ പ്രക്ഷുബ്ധമാക്കി പ്രതിപക്ഷം. പ്രതിപക്ഷത്തിന്റെ അക്രമ സമരത്തെ ശക്തമായി വിമർശിച്ച് സ്പീക്കറും ഭരണപക്ഷ മന്ത്രിമാരും രംഗത്തെത്തി.

 

ശബരിമല വിഷയത്തിൽ തുടർച്ചയായ നാലാം ദിനമാണ് പ്രതിപക്ഷം ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ മുതൽ പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങുന്നതാണ് ആദ്യ മിനിറ്റുകളിൽ തന്നെ കണ്ടത്. സ്പീക്കറുടെ ഡയസിന് നേരെ പ്രതിപക്ഷ അംഗങ്ങൾ പാഞ്ഞടുത്തു. ഇരുഭാഗത്തുമായി വാച്ച് ആൻഡ് വാർഡ് സ്പീക്കർക്ക് സുരക്ഷ ഒരുക്കി.

Advertisements

 

അക്രമത്തിന് പ്രതിപക്ഷ നേതാവ് ആഹ്വാനം നൽകിയതായി മന്ത്രിമാരായ എം ബി രാജേഷും പി രാജീവും വിമർശിച്ചു. തനിക്ക് നേരെയുള്ള പ്രതിപക്ഷത്തിന്റെ സമീപനത്തെ സ്പീക്കറും വിമർശിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും ചോദ്യോത്തരവേള സ്പീക്കർ പൂർത്തിയാക്കി. ശൂന്യവേളയിലേക്ക് കടന്നപ്പോൾ പ്രതിപക്ഷ അംഗങ്ങൾ വീണ്ടും വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. തുടർന്ന് സഭ താൽക്കാലികമായി നിർത്തിവെച്ചു.

 

പ്രതിപക്ഷത്തിന്റെ അക്രമത്തിൽ ചീഫ് മാർഷലിന് പരുക്കേറ്റു. കൈക്ക് പരിക്ക് പറ്റിയതിനെ തുടർന്ന് ചീഫ് മാർഷലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സ്പീക്കർ സഭയെ അറിയിച്ചു. എന്നാൽ സമാധാനപരമായാണ് തങ്ങൾ പ്രതിഷേധം നടത്തിയത് എന്ന വാദമാണ് പ്രതിപക്ഷ നേതാവ് മുന്നോട്ടുവെച്ചത്. നിയമസഭ പുനരാരംഭിച്ചില്ലെങ്കിലും സഭയുമായി സഹകരിക്കാൻ പ്രതിപക്ഷം തയ്യാറായില്ല. പ്രതിഷേധത്തെ വകവയ്ക്കാതെ സഭ മറ്റു നടപടികളിലേക്ക് കടന്നതിനെ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

Share news