വിമർശിക്കാനും തിരുത്താനുമുള്ള അവസരം പ്രതിപക്ഷ എംഎൽഎമാർ നഷ്ടപ്പെടുത്തി; മന്ത്രി അഹമ്മദ് ദേവർകോവിൽ
കോഴിക്കോട്: മന്ത്രിമാരെയും മന്ത്രിസഭയെയും പരസ്യമായി ജനസമക്ഷം വിമർശിക്കാനും തിരുത്താനുമുള്ള അവസരമാണ് പ്രതിപക്ഷ എംഎൽഎമാർ നഷ്ടപ്പെടുത്തിയതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. നവകേരള സദസ്സിന്റെ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവകേരള സദസ്സിന്റെ അധ്യക്ഷൻ സ്ഥലം എംഎൽഎയാണ്. അവർക്ക് വോട്ടർമാരോട് പറയാനുള്ള വികസന കാര്യങ്ങൾ പറയാനും വിമർശിക്കാനും അവസരമുണ്ടായിരുന്നു. ആ ജനാധിപത്യ അവസരമാണ് നഷ്ടമാക്കിയത്. കേന്ദ്രത്തിന്റെ കേരളത്തോടുള്ള നിഷേധാത്മക നിലപാടിനെ വിമർശിക്കാത്തവരാണ് കേരളത്തിന്റെ വികസനത്തിന് തുരങ്കം വയ്‌ക്കുന്നത്.

സമുദ്ര ഗതാഗതത്തിന്റെ പുതിയ യുഗമാണ് കേരളം യാഥാർത്ഥ്യമാക്കിയത്. കരമാർഗവും വിമാനമാർഗവും മാത്രമല്ല കടൽ വഴിയും ചരക്കുഗതാഗതം സാധ്യമായി. അത് കേരളത്തിന്റെ ഭാവി വികസനത്തെ മുന്നോട്ടുനയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

