ഓപ്പറേഷൻ സിന്ദൂർ: 24 മിസൈലുകൾ, മിനിറ്റുകള്‍ക്കുള്ളില്‍ തകർത്തത് ഒൻപത് ഭീകര കേന്ദ്രങ്ങൾ

25 മിനിറ്റോളം സമയം, 24 മിസൈലുകൾ ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ മറുപടി. തകർത്തത് ഒൻപത് ഭീകര കേന്ദ്രങ്ങൾ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ വിശദാംശങ്ങൾ.

പാകിസ്ഥാനിലും പാക്ക് അധീന കശ്മീരിലുമുള്ള ഭീകര കേന്ദ്രങ്ങൾക്ക് നേരെ രഹസ്യാന്വേഷണ ഏജന്‍സിയുടെ സഹായത്തോടെ നടത്തിയ ആക്രമണത്തിൽ ഇന്ത്യ ലക്ഷ്യം വെച്ചത് ഭീകര പരിശീലന കേന്ദ്രങ്ങൾ, ഭീകരർക്ക് ആയുധം സൂക്ഷിക്കുന്ന കേന്ദ്രങ്ങൾ എന്നിവയാണ്. ഭീകര സംഘടനകളായ ജെയ്ഷ ഇ മൊഹമ്മദ്, ലഷ്കർ ഇ തൊയ്ബ എന്നിവരുടെ കേന്ദ്രങ്ങളാണ് കര, നാവിക, വ്യോമ സേനകള്‍ സംയുക്തമായി ആക്രമിച്ച് ഇല്ലാതാക്കിയത്.

ഭീകരരുടെ ലോഞ്ച് പാഡുകൾ
ഇന്ത്യയിലേക്ക് ഭീകരരെ കടത്തി വിടാൻ സജ്ജമാക്കുന്ന ലോഞ്ച് പാഡുകളും ഇന്ത്യൻ സൈന്യം തകർത്തു. ഭീകരരുടെ ലോഞ്ച് പാഡുകളുടെ വിവരം കൃത്യമായി ശേഖരിക്കുകയും ലഭിച്ച വിവരങ്ങൾ സാറ്റ്ലൈറ്റ് ചിത്രങ്ങളുമായി താരതമ്യപ്പെടുത്തി പരിശോധിക്കുകയും ചെയ്തതിനു ശോഷമാണ് കൃത്യമായ ആസൂത്രണത്തോടെ ലോഞ്ച് പാഡുകൾ തകർത്തത്.

ബഹവൽപൂരിലെ ജെയ്ഷെ ആസ്ഥാനം മുരിഡ്കയിലെ ലഷ്കർ ആസ്ഥാനം എന്നിവയാണ് തകർത്ത പ്രധാന ഭീകര കേന്ദ്രങ്ങൾ. ഇന്ത്യൻ സമയം പുലർച്ചെ 1.44 നാണ് ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടി നടന്നത്.

