‘ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്’: വിജിലൻസ് കണ്ടെത്തൽ അതീവ ഗൗരവമെന്ന് മന്ത്രി വി ശിവൻകുട്ടി
.
വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓഫീസുകളിൽ നടത്തിയ ‘ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്’ എന്ന സംസ്ഥാനതല മിന്നൽ പരിശോധനയിൽ കണ്ടെത്തിയ വിഷയങ്ങൾ അതീവ ഗൗരവത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കാണുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി.

പൊതുജനങ്ങളുടെ വിശ്വാസം സംരക്ഷിക്കുന്നതിനും, പൊതുവിദ്യാഭ്യാസ മേഖലയുടെ സുതാര്യത ഉറപ്പാക്കുന്നതിനും സർക്കാർ കർശനമായ നടപടികൾ സ്വീകരിക്കും. വിജിലൻസ് റിപ്പോർട്ടിൽ പേരുള്ളതോ, വ്യക്തമായ തെളിവ് ലഭിച്ചതോ ആയ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടി ഉണ്ടാകും. വിജിലൻസിൻ്റെ തുടർ പരിശോധനകൾക്ക് എല്ലാ പിന്തുണയും നൽകും. കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും, ഇടനിലക്കാരായി പ്രവർത്തിച്ച റിട്ടയേർഡ് ഉദ്യോഗസ്ഥർക്കെതിരെയും കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

വകുപ്പ് തലത്തിൽ ഒരു അടിയന്തിര ആഭ്യന്തര അന്വേഷണ സമിതിയെ രൂപീകരിക്കും. അഴിമതിക്ക് വഴിവെച്ച എല്ലാ ഫയലുകളും നടപടിക്രമങ്ങളും വിശദമായി പരിശോധിക്കും. പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന ഓഫീസുകളുടെ പ്രവർത്തനങ്ങൾ പൂർണ്ണമായും ഓൺലൈൻ/ഓട്ടോമേറ്റഡ് സംവിധാനത്തിലേക്ക് മാറ്റും. അപേക്ഷകൾ വൈകിപ്പിക്കുന്നത് തടയാൻ സമയപരിധി നിശ്ചയിച്ച് നടപടിക്രമങ്ങൾ പരിഷ്കരിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.

വിദ്യാഭ്യാസ വകുപ്പിൽ അഴിമതിക്ക് ഒരു സ്ഥാനവുമില്ല. ഒരു ഉദ്യോഗസ്ഥനും നിയമത്തിന് അതീതരല്ല. പൊതുവിദ്യാഭ്യാസ മേഖലയെ അഴിമതിമുക്തമാക്കാനുള്ള ദൃഢനിശ്ചയം സർക്കാരിനുണ്ട്. തുടർ പരിശോധനകൾക്ക് ശേഷമുള്ള അന്തിമ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.



