KOYILANDY DIARY

The Perfect News Portal

പാലിയേറ്റീവ്‌ കെയർ പരിചരണം ഫലപ്രദമാക്കിയത്‌ കേരളം മാത്രം

തിരുവനന്തപുരം: കിടപ്പുരോഗികൾക്ക്‌ പാലിയേറ്റീവ്‌ പരിചരണം ഉറപ്പാക്കിയതിൽ രാജ്യത്ത്‌ ഒന്നാമത്‌ കേരളമെന്ന്‌ പഠനം. ബ്രിട്ടീഷ്‌ മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ്‌ ഇക്കാര്യമുള്ളത്‌. കിടപ്പിലായ 98ശതമാനം അർബുദബാധിതർക്കും ഇന്ത്യയിൽ പാലിയേറ്റീവ്‌ പരിചരണം ലഭിക്കുന്നില്ലെന്ന്‌ പഠനത്തിൽ പറയുന്നു. കേന്ദ്രസർക്കാരിന്റെ നാഷണൽ  പ്രോഗ്രാം ഫോർ പാലിയേറ്റീവ്‌ കെയർ ഫലപ്രദമല്ല. 2022ൽ രാജ്യത്ത്‌ ഏകദേശം 14.6 ലക്ഷം അർബുദ ബാധിതർ ചികിത്സ തേടി.

ഈ രോഗത്തിന്റെ നാലാംഘട്ടത്തിലുള്ളവർക്ക്‌ പാലിയേറ്റീവ്‌ പരിചരണം ലഭിക്കുന്നില്ല.  കേരളമൊഴികെയുള്ള ഒരു സംസ്ഥാനത്തും കിടപ്പുരോഗികൾക്ക്‌ കൃത്യമായ പാലിയേറ്റീവ്‌ പരിചരണം കിട്ടുന്നില്ല. നാഷണൽ കാൻസർ രജിസ്‌ട്രി പ്രോഗ്രാമിന്റെ 2022ലെ രേഖകൾ അവലംബമാക്കിയാണ്‌ റിപ്പോർട്ട്‌ തയാറാക്കിയത്‌. 58 ആശുപത്രികളിൽ നിന്നുള്ള 10 വ്യത്യസ്ത അർബുദങ്ങൾ ബാധിച്ച 1.02 കോടി പേരുടെ വിവരങ്ങൾ അവലോകനം ചെയ്തു. സ്‌ത്രീകളായ രോഗികൾക്ക്‌ കുറവ്‌ പാലിയേറ്റീവ്‌ പരിചരണമാണ്‌ ലഭിക്കുന്നത്.

കേരളം മാതൃക

Advertisements

പാലിയേറ്റീവ് പരിചരണ രംഗത്ത് കേരളം വിജയകരമായ മാതൃകയാണെന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് ഈ വർഷം ആദ്യം പുറത്തുവന്നു. സാമൂഹികാധിഷ്ഠിത പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങളിലൂടെ വികസ്വര രാജ്യങ്ങളിലും കേരളം വിജയകരമായ മാതൃകയായി അംഗീകരിക്കപ്പെടുന്നു. പ്രാഥമികാരോഗ്യ സംവിധാനത്തിലൂടെ സേവനസന്നദ്ധരായ നഴ്‌സുമാർ തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ സാമൂഹിക പങ്കാളിത്തത്തിനും സന്നദ്ധ പ്രവർത്തനത്തിനും ഇടപെടുന്നതാണ്‌ കേരള മാതൃക.

 

ആർദ്രം മിഷന്റെ പത്ത് പ്രധാന വിഷയങ്ങളിലൊന്നാണ് പാലിയേറ്റീവ് പരിചരണം. സമഗ്ര പാലിയേറ്റീവ് കെയർ കർമപദ്ധതി നടപ്പിലാക്കുന്നു. സംസ്ഥാനത്ത് സർക്കാർ മേഖലയിൽ 1141 പ്രാഥമിക പാലിയേറ്റീവ് കെയർ യൂണിറ്റുകളാണുള്ളത്. ആരോഗ്യവകുപ്പിന് കീഴിൽ പ്രധാന ആശുപത്രികളിൽ 113 സെക്കൻഡറി ലെവൽ യൂണിറ്റുകളും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ 231 യൂണിറ്റുകളുമുണ്ട്. എട്ട് മെഡിക്കൽ കോളേജുകളിലും ആർസിസിയിലും എംസിസിയിലും പാലിയേറ്റീവ് കെയർ യൂണിറ്റുകളുണ്ട്.