KOYILANDY DIARY.COM

The Perfect News Portal

എം ടി യാത്രയായിട്ട് ഒരാണ്ട്; പ്രിയ കഥാകാരന്റെ അമരസ്മരണയിൽ അക്ഷര ലോകം

.

മലയാളത്തിൻ്റെ പ്രിയ കഥാകാരൻ എം ടി വാസുദേവൻ നായർ ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം. മരിക്കാത്ത വാക്കുകളായി മലയാളിയുടെ മനസ്സിലെ മഞ്ഞിൻ്റെ തണുപ്പാണ് എം ടി എന്ന ദ്വയാക്ഷരം. എം ടി യെന്ന മലയാളത്തിൻ്റെ ഇഷ്ടം കാരണങ്ങളൊന്നുമില്ലാതെയല്ല. നിള പോലെയായിരുന്നു ആ മനുഷ്യൻ, ആഴത്തിലിറങ്ങി ചെന്നവരിലും, മുട്ടറ്റം നനഞ്ഞവരിലും ഒരു പോലെ ഒഴുകിയ പുഴ. അക്ഷരങ്ങൾക്കിത്രയും വിടവുണ്ടാക്കാൻ പറ്റുമെന്ന് മലയാളിക്ക് മനസ്സിലായത് എം ടി കടന്നു പോയപ്പോഴാണ്.

 

പലരും വായിച്ച് തുടങ്ങിയത് എംടി വാസുദേവൻ നായരെയായതിനാലാകണം ഒറ്റപ്പെടലിൽ നാലുകെട്ടിലെ അപ്പുണ്ണിയായും സങ്കടങ്ങളിൽ അസുരവിത്തിലെ ഗോവിന്ദൻകുട്ടിയായും മലയാളി സ്വയം മാറിയത്. വെയിലും നിലാവുമേറ്റ് പാതിരാവും പകൽവെളിച്ചവും കടന്ന് നിളപോലെ കാലമൊഴുമ്പോൾ ഓർമ്മയുടെ തീരത്ത് മഞ്ഞിന്‍റെ കുളിരോര്‍മ്മയാണ് എം ടി. വാക്കുകള്‍ക്കിടയിലെ നിശബ്ദതയ്ക്ക് പറയാനേറെയുണ്ടെന്ന് അധികമാരും നമ്മളോട് പറഞ്ഞിട്ടില്ല. എന്നും രണ്ടാമൂഴത്തിലൊതുങ്ങി പോയ ഭീമനേയും ചന്തുവിനേയും നായകന്മാരാക്കി എം ടി വായനക്കാരോട് പറയാൻ കരുതിയതെന്തായിരിക്കാം.

Advertisements

 

പേനയിലൊന്ന് മുറുകെ പിടിച്ച് കഥാകാരൻ മനസിൽ കരുതിയിട്ടുണ്ടാകാം തോറ്റുപോയവരേ നിങ്ങളുള്ളതുകൊണ്ടാണ് ജയിച്ചവർക്ക് ചരിത്രമുണ്ടായതെന്ന്. മനുഷ്യൻ മനുഷ്യനിൽ വിഷം കുത്തി വെക്കുന്ന ഇക്കാലത്ത് എം ടി മറക്കാന്‍ പറ്റാത്ത വാക്കായി മാറുന്നത് കാരണങ്ങൾ ഒന്നുമില്ലാതെ മനുഷ്യരെ ഇഷ്ടപ്പെടാൻ പാകപ്പെടുത്തിയതിനാലാണ്., നന്മയായതെന്തും വരും വരാതിരിക്കില്ലെന്ന് സ്വപ്നം കാണാൻ പഠിപ്പിച്ചതിനാലാണ്. എഴുത്തിന്റെ ഉടയോനെ വാഴുക അക്ഷരങ്ങളായി അമരകാലം.

Share news