ചിറ്റൂരിൽ കാറു സ്കൂട്ടറും കൂട്ടിയിടിച്ച് ഓരാൾ മരിച്ചു
ചിറ്റൂർ: അമ്പാട്ടുപാളയം ബോയ്‌സ് ഹയർസെക്കണ്ടറി സ്കൂളിന് സമീപം അമിതവേഗത്തിലെത്തിയ കാറിടിച്ച് മോപ്പഡ് യാത്രികനായ മീൻ വിൽപ്പനക്കാരന് ദാരുണാന്ത്യം. നല്ലേപ്പിള്ളി മരുതംപള്ളം മണികണ്ഠനാണ് (43) മരിച്ചത്. കാറിലുണ്ടായിരുന്നവർക്ക് സാരമായി പരിക്കേറ്റു. കുമളി സ്വദേശി വസീം സലിം (29), വട്ടിയൂർകാവ് സ്വദേശി ഗണപതി (29), തഴവ കടത്തൂർ സ്വദേശി സായ് യാദവ്(26), ചെങ്ങന്നൂർ സ്വദേശി അശോക് (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ വിളയോടി കരുണാമെഡിക്കൽ കോളേജ് ആശുപത്രിയിലെ എംബിബിഎസ് വിദ്യാർഥികളാണ്.

ഞായർ പുലർച്ചെ മൂന്നേമുക്കാലോടെയാണ് അപകടം. ചിറ്റൂർ ഭാഗത്തുനിന്ന് വന്ന കാർ പുതുനഗരത്ത് മീൻ മാർക്കറ്റിൽ പോയി തിരിച്ചുവരുകയായിരുന്ന മണികണ്ഠൻ സഞ്ചരിച്ച മോപ്പഡിൽ ഇടിക്കുകയായിരുന്നു. 30 മീറ്ററിലേറെ ദൂരത്തേയ്ക്ക് മോപ്പഡ് തെറിച്ചുപോയി. തുടർന്ന് പൂർണമായും കത്തിനശിച്ചു. മണികണ്ഠന്റെ ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു. തല അറ്റുപോയി. മൂന്ന് മണിക്കൂറോളം തെരച്ചിൽ നടത്തിയാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്.


അപടകത്തിൽപ്പെട്ട കാറും പൂർണമായും തകർന്നു. ക്രെയിൻ ഉപയോഗിച്ചാണ് റോഡിൽ നിന്നും കാർ മാറ്റിയത്. കാറോടിച്ച സായ് യാദവിനെതിരെ ചിറ്റൂർ പൊലീസ് കേസെടുത്തു. മണികണ്ഠന്റെ മൃതദേഹം സംസ്കരിച്ചു. പരേതരായ നാരായണന്റെയും തങ്കയുടെയും മകനാണ്. ഭാര്യ: ഓമന. മക്കൾ: മനു, ബിനു. സഹോദരങ്ങൾ: കുട്ടപ്പൻ, പാർവതി, കോമളം.

