KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പന്തീരങ്കാവ് സ്വദേശിയായ 43 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ എട്ടു പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. പന്തീരങ്കാവ് സ്വദേശിനിക്കാണ് ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ ചികിത്സക്കെത്തിയപ്പോൾ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.

തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശോധന നടത്തിയപ്പോൾ രോഗം സ്ഥിരീകരിച്ചു. നിലവിൽ രോഗി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുകാരന് അടുത്തിടെ രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഉറവിടം കണ്ടെത്താൻ വീട്ടിലെ കിണറിലെ വെള്ളവും, സമീപത്തെ ജലാശയങ്ങളും ആരോഗ്യവകുപ്പ് പരിശോധന നടത്തും. ഓമശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച മൂന്ന് മാസം പ്രായമുള്ള കുഞ്ഞിൻ്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്.

 

കഴിഞ്ഞവർഷം 36 കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. രോഗത്തെ പ്രതിരോധിക്കാൻ, ജർമ്മനിയിൽ നിന്ന് മൾട്ടി ഫോസിൻ എന്ന മരുന്ന് ആരോഗ്യവകുപ്പ് എത്തിച്ചിട്ടുണ്ട്. ശുചീകരിക്കാത്ത വെള്ളത്തിൽ നീന്തുകയോ മുങ്ങി കുളിക്കുകയോ ചെയ്യുമ്പോഴാണ് രോഗാണുക്കൾ തലച്ചോറിൽ കൂടുതലായും എത്തുന്നത്. ജലജന്യരോഗങ്ങളെ പ്രതിരോധിക്കുന്നതിന് “ജലമാണ് ജീവൻ” ക്യാമ്പയിന് രൂപം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Advertisements

 

ഇതിനോടനുബന്ധിച്ച് ഈ മാസം 30, 31 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യാനും വീടുകളിലേയും സ്ഥാപനങ്ങളിലേയും വാട്ടർടാങ്കുകൾ വൃത്തിയാക്കാനുമുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

· പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിലെ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്.

· വര്‍ഷങ്ങളായി വൃത്തിയാക്കാത്ത വാട്ടര്‍ ടാങ്കിലെ വെള്ളം ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണം. ചെളി കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ അമീബ ഉണ്ടോയേക്കാം.

· മൂക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, തലയില്‍ ക്ഷതമേറ്റവര്‍, തലയില്‍ ശസ്ത്രക്രിയ്ക്ക് വിധേയമായവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

· ചെവിയില്‍ പഴുപ്പുള്ളവര്‍ കുളത്തിലും തോട്ടിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ല.

· കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം.

· വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.

· മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുത്.
· മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ നേസല്‍ ക്ലിപ്പ് ഉപയോഗിക്കുക.

Share news