‘മനസ്സ് ശുദ്ധമാണെങ്കിൽ ഏത് വയസ്സിലും എഴുതാം’; ടി പത്മനാഭൻ

മനസ്സ് ശുദ്ധമാണെങ്കിൽ ഏത് വയസ്സിലും എഴുതാം എന്ന് കഥാകാരൻ ടി പത്മനാഭൻ. ടി പത്മനാഭൻ എഴുതിയ കരുവന്നൂർ എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനചടങ്ങിലാണ് പരാമർശം. സ്പീക്കർ എ എൻ ഷംസീർ പുസ്തകം പ്രകാശനം ചെയ്തു. എം സ്വരാജ് പുസ്തകം ഏറ്റുവാങ്ങി. എഴുത്തിൻ്റെ കുലപതി ടി പത്മനാഭൻ തൻ്റെ തൊണ്ണൂറ്റിയാറാം വയസ്സിൽ എഴുതിയ പുസ്തകമാണ് കരുവന്നൂർ. പുസ്തക പ്രകാശനം കോഴിക്കോട് നടന്ന ചടങ്ങിൽ സ്പീക്കർ എ എൻ ഷംസീർ നിർവ്വഹിച്ചു. എം സ്വരാജ് പുസ്തകം ഏറ്റുവാങ്ങി. തന്നെ ഏറെ സ്വാധീനിച്ച കഥാകാരനാണ് ടി പത്മനാഭൻ എന്നും ഇണങ്ങിയും പിണങ്ങിയും കാൽനൂറ്റാണ്ടിൻ്റെ ബന്ധമാണെന്നും സ്പീക്കർ പറഞ്ഞു.
ഒരു വാക്കിൽ വിശേഷിപ്പിക്കേണ്ടി വന്നാൽ സ്നേഹത്തിൻ്റെ കഥാകാരൻ എന്ന് ടി പത്മനാഭനെ വിളിക്കാമെന്നും പുസ്തകത്തിലെ ദയ എന്ന കഥയെ അടിസ്ഥാനമാക്കി എം സ്വരാജ് വാചാലനായി. മനസ്സ് ശുദ്ധമാണെങ്കിൽ ഏത് വയസ്സിലും എഴുതാം എന്നും എന്തെങ്കിലും ഉണ്ടെങ്കിൽ അപ്പോൾ പറഞ്ഞു തീർക്കുന്നതാണ് തൻ്റെ ശൈലിയെന്നും ടി പത്മനാഭൻ പറഞ്ഞു. നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് ടി പത്മനാഭനെയും കേട്ടത്. കരുവന്നൂർ പുസ്തകത്തിൻ്റെ രണ്ടാം പതിപ്പാണ് പുറത്തിറങ്ങിയത്.

