KOYILANDY DIARY.COM

The Perfect News Portal

ഒഞ്ചിയം രണ സ്മരണകൾക്ക് ഇന്നേക്ക് 76 വർഷം

ഒഞ്ചിയം രണ സ്മരണകൾക്ക് ഇന്നേക്ക് 76 വർഷം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ജ്വലിക്കുന്ന ഓർമ്മകളാണ് ഒഞ്ചിയം രക്തസാക്ഷിത്വം. സി പി ഐ (എം) – സി പി ഐ നേതൃത്വത്തിൽ വൈകീട്ട് ഒഞ്ചിയത്ത് അനുസ്മരണ സമ്മേളനം ചേരും. 1939 ൽ മണ്ടോടി കണ്ണൻ്റെ നേതൃത്യത്തിൽ കമ്യൂണിസ്റ്റ് പാർടിയുടെ സെൽ രൂപീകരിച്ച ഗ്രാമം. ഭക്ഷ്യക്ഷാമവും വിലക്കയറ്റവും ജനജീവിതത്തെ വേട്ടയാടിയിരുന്ന നാല്‍പ്പതുകളില്‍ കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകര്‍ ജനങ്ങളെ സമരസജ്ജരാക്കി.

1948 ഹിബ്രുവരിയിൽ കൽക്കത്തയിൽ നടന്ന രണ്ടാം പാർട്ടി കോൺഗ്രസിൻ്റെ തീരുമാനങ്ങൾ വിശദീകരിക്കാൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ കുറുമ്പ്രനാട് താലൂക്ക് കമ്മിറ്റിയോഗം ഒഞ്ചിയത്ത് ചേരാൻ തീരുമാനിക്കുന്നു. വിവരം അറിഞ്ഞ് എം എസ് പി സംഘം നേതാക്കളെ പിടികൂടാൻ മുക്കാളിയിൽ. പുലർച്ചെ 4ന് അവർ മണ്ടോടി കണ്ണൻ്റെ വീട്ടിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കര്‍ഷക കാരണവര്‍ പുളിയുള്ളതില്‍ ചോയിയെയും മകന്‍ കണാരനെയും പിടികൂടി. പോലീസ് സേന ചെന്നാട്ട് വയലിൽ എത്തിയപ്പോഴേക്കും നാട്ടുകാർ തമ്പടിച്ചു.

ജനക്കൂട്ടത്തിനുനേരെ എംഎസ്പി 17 റൗണ്ട് വെടിയുതിര്‍ത്തു. ചെന്നാട്ട്താഴെ വയലില്‍ എട്ട് കമ്യൂണിസ്റ്റ് പോരാളികള്‍ പിടഞ്ഞുവീണു. അളവക്കന്‍ കൃഷ്ണന്‍, മേനോന്‍ കണാരന്‍, പുറവില്‍ കണാരന്‍, പാറോള്ളതില്‍ കണാരന്‍, കെ എം ശങ്കരന്‍, സി കെ ചാത്തു, വിപി ഗോപാലന്‍, വട്ടക്കണ്ടി രാഘൂട്ടി. മണ്ടോടി കണ്ണനും കൊല്ലാച്ചേരി കുമാരനും മൃഗീയ മര്‍ദനത്തെത്തുടര്‍ന്ന് രക്തസാക്ഷികളായി. 1949 മാര്‍ച്ച് 4 നാണ് മണ്ടോടി കണ്ണന്‍ രക്തസാക്ഷിത്വം വരിച്ചത് ലോക്കപ്പ് മുറിയില്‍ ക്രൂര മര്‍ദ്ദനമേറ്റ് സ്വന്തം ശരീരത്തില്‍നിന്ന് ഒലിച്ചിറങ്ങിയ രക്തത്തില്‍ കൈമുക്കി അരിവാള്‍ചുറ്റിക വരച്ച വിപ്ളവധീരതയുടെ പര്യായമാണ് മണ്ടോടി കണ്ണന്‍.

Advertisements

1948 ലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ‘ഭരണകൂടം നടത്തിയ ‘ഭീകരമായ കമ്യൂണിസ്റ്റ് വേട്ടയെ പ്രതിരോധിച്ചവരാണ് ഒഞ്ചിയം രക്തസാക്ഷികള്‍. വിപ്ലവ സമരപാതയിലെ സൂര്യതേജസ്സായി ഒഞ്ചിയം രക്തസാക്ഷികള്‍ ജ്വലിച്ച് നിൽക്കുന്നു.

Share news