ട്രോളിംങ്ങ് കഴിയാറായതോടെ മത്സ്യതൊഴിലാളികൾ ചാകരതേടി കടലിലേക്ക് കുതിക്കാനുള്ള ഒരുക്കത്തിൽ

കോഴിക്കോട്: ട്രോളിംങ്ങ് കഴിയാറായതോടെ മത്സ്യതൊഴിലാളികൾ ചാകരതേടി കടലിലേക്ക് കുതിക്കാനുള്ള ഒരുക്കത്തിൽ.. ജില്ലയിലെ 32,000ത്തോളം മത്സ്യതൊഴിലാളികളാണ് പ്രതീക്ഷയോടെ വെളിച്ചംതേടി കടലിലേക്ക് കണ്ണുംനട്ടിരിക്കുന്നത്. 52 ദിവസത്തെ ട്രോളിങ് നിരോധനം ബുധനാഴ്ച അർധരാത്രി തീരാനിരിക്കെയാണ് ബോട്ടുകൾ കടലിലിറിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് തൊഴിലാളികൾ.

ഇത്തവണ കാലാവസ്ഥ അനൂകൂലമാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. ജില്ലയിൽ ചോമ്പാല, കൊയിലാണ്ടി, പുതിയാപ്പ, ബേപ്പൂർ എന്നിവിടങ്ങളിൽ ബോട്ടുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി. ഇതിന് രണ്ടുലക്ഷത്തിലധികം രൂപ ചെലവുണ്ട്. ട്രോളിങ് തുടങ്ങിയ ജൂൺ 10 മുതൽ ജില്ലയിൽ അറുനൂറിലേറെ ട്രോളർ ബോട്ടുകളാണ് മീൻപിടിത്തം നിർത്തിയത്. 52 ദിവസം കടലിലിറങ്ങാത്തതിനാൽ തൊഴിലാളികളിൽ പലർക്കും വറുതിയുടെ നാളുകളായിരുന്നു.
ട്രോളിങ് കാലത്ത് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയ മീൻപിടിത്ത ഉപകരണങ്ങളായ വല, ബോർഡ് അനുബദ്ധ സാമഗ്രികൾ, വയർലെസ്, ജിപിഎസ്, എക്കോ സിസ്റ്റം, വാക്കി – ടോക്കി തുടങ്ങിയ ഇലക്ട്രോണിക്സ് സംവിധാനങ്ങൾ എന്നിവ ബോട്ടുകളിൽ ഘടിപ്പിക്കുന്ന തിരക്കിലാണ് തൊഴിലാളികൾ. ചെറുതും വലുതുമായി രജിസ്റ്റർചെയ്ത 1250 ഓളം യന്ത്രവൽകൃത ബോട്ടുകളിലായി 30,000 മത്സ്യതൊഴിലാളികളാണ് ജില്ലയിലുള്ളത്.
ഇവയിൽ 650 എണ്ണവും ബേപ്പൂരിലാണ്. മൂന്നിലേറെ പുതിയാപ്പയിലുമാണ്. പരമ്പരാഗത വളളങ്ങളിൽ പിടിക്കുന്നതിനേക്കാൾ കൂടുതൽ അളവിൽ മത്സ്യം ലഭിക്കുക ട്രോളർ ബോട്ടുകൾക്കാണ്. ഏഴുമുതൽ 15 വരെ തൊഴിലാളികളാണ് സാധാരണയായി ബോട്ടുകളിലുണ്ടാവുക.
ആവശ്യമായ ഇന്ധനം ശേഖരിക്കാനായി ഹാർബറിലെ ഡീസൽ ബങ്കുകൾ വ്യാഴാഴ്ച മുതൽ തുറന്നുപ്രവർത്തിക്കാൻ ഫിഷറീസ് വകുപ്പ് പ്രത്യേകം അനുവാദം നൽകി.
