KOYILANDY DIARY.COM

The Perfect News Portal

ഒരിക്കൽ കൂടി വടകര ‘കീർത്തി’യിലോ, ‘മുദ്ര’യിലോ സെക്കൻ്റ് ഷോക്ക് പോവണം സെല്ലി കീഴൂർ എഴുതുന്നു…

ഒരിക്കൽ കൂടി വടകര ‘കീർത്തി’യിലോ ‘മുദ്ര’യിലോ സെക്കൻ്റ് ഷോക്ക് പോവണം സെല്ലി കീഴൂർ എഴുതുന്നു… 
സിനിമ തുടങ്ങിയോ എന്ന
ബേജാറിൽ പുതിയ ബസ്റ്റാൻറിന്റെ
പിന്നിലെ ഇടവഴിയിലൂടെ
ഇരുട്ടിനെ കീറി മുറിച്ച് പായണം
ഒന്നര ടാക്കീസിൽ
കൊള്ളുന്ന ജന പുരുഷാരവം
കണ്ട് ഒന്ന് പകച്ച്
പോസ്റ്ററിൽ ചിരി തൂകുന്ന
മോഹൻലാലിനെയോ
മമ്മൂട്ടിയേയോ
നോക്കി നിരാശപ്പെട്ടു നില്ക്കണം
അപ്പോൾ രക്ഷകനെപ്പോലെ ഒരാൾ
വന്നു ‘ കൂടെ വരാം എന്ന്
പറഞ്ഞ ആൾ വന്നില്ല
ടിക്കറ്റ് വേണോ ‘എന്ന്
ചോദിച്ച് മുന്നിലെത്തണം
ലോകം കീഴടക്കിയ  സന്തോഷത്തോടെ
വിജയശ്രീ ലാളിതനായി
ടാക്കീസിനുള്ളിൽ കയറണം
സിനിമ കഴിയാറാവുമ്പോൾ
വയറിൽ ഒരു ആന്തലാണ്
ഉമ്മയോട് ചോദിക്കാതെ 
വന്ന ബേജാറോടെ തന്നെ തിരിച്ച്
ബസ്സ്റ്റാന്റിൽ എത്തണം
ഹൈവേയിൽ അണ്ണാച്ചി
വണ്ടിക്കും മീൻ ലോറിക്കും കൈകാട്ടി
അരക്ഷിതാവസ്ഥയിൽ
അവിടെയങ്ങിനെ നില്ക്കണം
ഏതെങ്കിലും വണ്ടി കനിഞ്ഞാൽ
തിരിച്ച് പയ്യോളിയെത്തണം
എന്നിട്ട് കീഴൂരേക്ക്
വെച്ചു പിടിക്കണം
ഭാവിയെക്കുറിച്ചുള്ള വ്യാകുലതയും
സ്വത്വം തിരയുന്ന നീറ്റലുമായി …..
സെല്ലി കീഴൂർ
Share news