നഴ്‌സിങ് സീറ്റ് വാഗ്ദാനം: യൂത്ത് കോൺഗ്രസ് നേതാവ് ലക്ഷങ്ങൾ തട്ടിയതായി പരാതി

ആലക്കോട്: കർണാടകത്തിലെ നഴ്സിങ് കോളേജിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം ശരിയാക്കാമെന്നു പറഞ്ഞ് യൂത്ത് കോൺഗ്രസ് നേതാവ് ലക്ഷങ്ങൾ തട്ടിയതായി പരാതി. ചിറ്റാരിക്കാൽ കമ്പല്ലൂർ സ്വദേശിയും യൂത്ത് കോൺഗ്രസ് തൃക്കരിപ്പൂർ നിയോജകമണ്ഡലം പ്രസിഡന്റുമായ ജോബിൻ ബാബു (30) വിനെതിരെയാണ് ഏരുവേശി സ്വദേശി റോയി ജോസ് കുടിയാന്മല പൊലീസിൽ പരാതി നൽകിയത്.

റോയി ജോസിന്റെ സഹോദരന്റെ മകന് കർണാടകത്തിലെ നഴ്സിങ് കോളേജിൽ ബിഎസ്‌സി നഴ്സിങ്ങിന് സീറ്റ് ശരിയാക്കാമെന്ന വ്യവസ്ഥയിൽ 2022 ആഗസ്ത് മുതൽ 2023 ജനുവരി വരെയുള്ള കാലയളവിൽ ബാങ്ക് അക്കൗണ്ടുവഴിയും നേരിട്ടും ജോബിൻ ബാബു നാലര ലക്ഷം രൂപ കൈപ്പറ്റുകയും സീറ്റ് ശരിയാക്കാതെ പറ്റിച്ചുവെന്നാണ് പരാതി. പലപ്പോഴായി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെയും വടകര ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെയും അടുത്ത അനുയായിയായ ജോബിൻ ബാബു കണ്ണൂർ, കാസർകോട് ജില്ലകളിൽ സമാനരീതിയിൽ നിരവധിപ്പേരെ തട്ടിപ്പിനിരയാക്കിയതായി സൂചനയുണ്ട്. നിരക്ഷരരായ രക്ഷിതാക്കളുടെ മക്കൾക്ക് സീറ്റ് വാങ്ങിനൽകുമെന്നാണ് ജോബിന്റെ വാഗ്‌ദാനം.

ജോബിനെ അന്വേഷിച്ച് ചിറ്റാരിക്കാലിൽ എത്തിയ പൊലീസിന് സ്ഥലത്തില്ലെന്ന വിവരമാണ് ലഭിച്ചത്. എന്നാൽ, വടകര മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ സംഘത്തോടൊപ്പം ജോബിനും സജീവമായി പ്രചാരണരംഗത്തുണ്ട്. ഷാഫി പറമ്പിലിന്റെ സമൂഹമാധ്യമ പ്രചാരണങ്ങൾ പ്രധാനമായും ഇയാളാണ് കൈകാര്യംചെയ്യുന്നത്. പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികളായ ശശി തരൂർ, രമ്യ ഹരിദാസ് എന്നിവരോടൊപ്പം മണ്ഡലങ്ങളിൽ പ്രചാരണത്തിന് സജീവമായി ഉണ്ടാകുകയും സ്ഥാനാർത്ഥികൾക്കൊപ്പമുള്ള ഫോട്ടോ സുഹൃത്തുക്കൾക്ക് അയക്കുകയും ചെയ്തിരുന്നു. ഇതു നാട്ടിൽ പ്രചരിച്ചതോടെയാണ് അവിടെനിന്ന് മുങ്ങി വടകരയിൽ എത്തിയത്. രഹസ്യമായി ഷാഫി പറമ്പിലിനുവേണ്ടി പ്രവർത്തിക്കുകയാണിപ്പോൾ.

