KOYILANDY DIARY

The Perfect News Portal

ഒഡിഷ ട്രെയിൻ ദുരന്തം; ലോക്കോപൈലറ്റ്‌ ഒഴിവ്‌ 
നികത്താൻ കേന്ദ്രം

ന്യൂഡൽഹി: ആവർത്തിക്കുന്ന ട്രെയിൽ ദുരന്തം.. മുന്നൂറോളം ജീവൻ ബലികൊടുത്ത ഒഡിഷ ട്രെയിൻ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ ലോക്കോ പൈലറ്റുമാരുടെ ഒഴിവ്‌ നികത്താൻ റെയിൽവേ. 2020 സെപ്‌തംബർ നാലു മുതൽ ഏർപ്പെടുത്തിയ നിയമന നിരോധനം നിലനിൽക്കെയാണ്‌ ഈ നേരിയ ഇളവ്‌. 3.5 ലക്ഷം ഒഴിവിൽ വെറും 24,000 മാത്രമാണ്‌ ഇതുവഴി നികത്തുക. ലോക്കോ റണ്ണിങ്‌, സുരക്ഷ വിഭാഗത്തിൽ തസ്‌തികകൾ വെട്ടിക്കുറച്ചത്‌ ജോലിഭാരം വർധിപ്പിച്ച്‌ അപകടങ്ങൾ ആവർത്തിക്കാൻ ഇടയാക്കി.

സ്വകാര്യവൽക്കരണ മോഹവുമായി ഇതിനോടെല്ലാം കണ്ണടച്ച കേന്ദ്രത്തിനേറ്റ അടിയായി ഒഡിഷ ട്രെയിൻ അപകടം. ഒഴിവ്‌ നികത്തൽ സ്വാഗതാർഹമാണെങ്കിലും ലോക്കോ പൈലറ്റുമാർക്ക്‌ ആഴ്‌ചയിൽ ഒരു അവധി ദിവസം അനുവദിക്കാതെയാണ്‌ തസ്‌തിക സൃഷ്ടിക്കുന്നതെന്ന പരാതിയുണ്ട്‌. 16 സോണിലായി 1,12,000 ജീവനക്കാരാണ്‌ ഈ വിഭാഗത്തിൽ ഉള്ളത്‌. 24,000 തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു. ഓഫീസർമാർക്ക്‌ ആഴ്‌ചയിൽ 64 മണിക്കൂർ വിശ്രമം ലഭിക്കുമ്പോൾ ലോക്കോ പൈലറ്റുമാർക്ക്‌ 22 മണിക്കൂർ മാത്രമാണിത്‌.

Advertisements

2018നു ശേഷം വന്ന ട്രെയിനുകൾക്ക്‌ ആവശ്യമായ ലോക്കോ റണ്ണിങ്‌ ജീവനക്കാരെ അനുവദിച്ചിട്ടുമില്ല. ആഴ്‌ചയിൽ 40 മണിക്കൂർ വിശ്രമം കിട്ടുന്ന വിധത്തിൽ ജീവനക്കാരുടെ എണ്ണം നിശ്‌ചയിക്കണമെന്ന്‌ ഓൾ ഇന്ത്യ ലോക്കോ റണ്ണിങ്‌ സ്‌റ്റാഫ്‌ അസോസിയേഷൻ ജനറൽ സെക്രട്ടറി കെ സി ജെയിംസ്‌ പറഞ്ഞു. മൊത്തം ഒഴിവും നികത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട്‌ റെയിൽവേ ഡിവിഷനുള്ള കേരളത്തിൽ ‌എൻജിൻ ഡ്രൈവർമാരുടെ 124 ഒഴിവുണ്ട്‌. പാലക്കാട്‌ 54 ഉം തിരുവനന്തപുരത്ത്‌ 70 ഉം ഒഴിവാണുള്ളത്‌.

Advertisements