സിനിമ റിവ്യൂവിന്റെ പേരിൽ തട്ടിപ്പ്: 13 ലക്ഷം രൂപ തട്ടിയ ഒഡിഷ സ്വദേശി പിടിയിൽ

കൽപ്പറ്റ: ടെലഗ്രാമിലൂടെ സിനിമ റിവ്യൂ നൽകി വരുമാനം നേടാമെന്ന് വിശ്വസിപ്പിച്ച് എൻജിനിയറിൽനിന്ന് 13 ലക്ഷം രൂപ തട്ടിയ കേസിൽ ഒഡിഷ സ്വദേശി സുശീൽ കുമാർ ഫാരിഡയെ (31) മുംബൈയിൽ നിന്ന് ജില്ലാ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്‌തു. ഒഡിഷ, സത്യഭാമപ്പൂർ, ഗോതഗ്രാം സ്വദേശിയാണ് പ്രതി. മാനന്തവാടി സ്വദേശിനിയായ സോഫ്റ്റ്‌വെയർ എൻജിനിയറിൽ നിന്ന് പണം തട്ടിയെടുത്തെന്നാണ് പരാതി.

2024 മാർച്ചിൽ ഓൺലൈനിലൂടെ പല തവണയായി പണം കൈപ്പറ്റുകയായിരുന്നു. വ്യാജ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയാണ് തട്ടിപ്പ് നടത്തിയത്. സൈബർ പൊലീസിന്റെ അന്വേഷണത്തിൽ ചെന്നൈയിലെ ഓട്ടോ ഡ്രൈവറായ മുരുകനെ ചോദ്യം ചെയ്‌തതോടെയാണ് സുശീൽ കുമാറിലേക്ക് എത്തിയത്.

ബുധനാഴ്‌ച സുശീൽ കുമാർ മുംബൈയിൽ എത്തിയതറിഞ്ഞ അന്വേഷകസംഘം പ്രതിയെ വലയിലാക്കുകയായിരുന്നു. റോയൽ പാം എസ്റ്റേറ്റിൽ ആഡംബര കാറിൽ യാത്ര ചെയ്യുമ്പോളാണ് പിടികൂടിയത്. കാറിലുണ്ടായിരുന്ന നാല് ഫോൺ, സിം കാർഡുകൾ, അക്കൗണ്ട് ബുക്കുകൾ, ചെക്ക് ബുക്കുകൾ, എടിഎം കാർഡുകൾ എന്നിവയും പിടിച്ചെടുത്തു. മുംബൈയിൽ മോഡലിങ് ജോലിചെയ്ത് ആഡംബര ജീവിതത്തിനായാണ് തട്ടിപ്പിനിറങ്ങിയത്. ഇൻസ്‌പെക്ടർ എസ്എച്ച്ഒ ഷാജു ജോസഫിന്റെ നേതൃത്വത്തിൽ എസ്ഐ എ വി ജലീൽ, എഎസ്ഐമാരായ കെ റസാക്ക്, പി പി ഹാരിസ്, എസ് സിപിഒ സലാം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

