KOYILANDY DIARY.COM

The Perfect News Portal

നഴ്സിങ്‌ വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമം: ഹോസ്റ്റൽ വാർഡനെതിരെ പൊലീസ് കേസെടുത്തു

കാസർകോഡ്: കാസർകോഡ് സ്വകാര്യ നഴ്സിങ്‌ കോളേജ് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ അമ്മയുടെ പരാതിയെ തുടർന്ന് ഹോസ്റ്റൽ വാർഡനെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. മകളെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി എന്ന് ബന്ധുക്കൾ പരാതി നൽകി. ഇതിന് പിന്നാലെയാണ് കേസെടുത്തത്. വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട്  തേടി. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. വനിതാ കമ്മീഷൻ അംഗം കുഞ്ഞായിഷ ഇന്ന് ഹോസ്റ്റലിൽ എത്തി വിദ്യാർത്ഥികളുടെ മൊഴിയെടുത്തു.

കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലെ മൻസൂർ ആശുപത്രിയുടെ നഴ്സിങ്‌ കോളേജിലെ മൂന്നാം വർഷ നഴ്സിങ്‌ വിദ്യാർത്ഥിയാണ്‌ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചത്‌. ശനിയാഴ്ച  രാത്രിയാണ്‌ സംഭവം.  വിദ്യാർത്ഥിനിയെ ഗുരുതരനിലയിൽ മംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോസ്റ്റൽ വാർഡന്റെ മാനസിക പീഡനമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് നഴ്സിങ്‌ കോളേജിലെ വിദ്യാർത്ഥികൾ ആരോപിച്ചു.

 

വാർഡന്റെ മോശമായ പെരുമാറ്റവും അമിത നിയന്ത്രണവും കാരണം വിദ്യാർത്ഥികൾ അസ്വസ്ഥരാണ്. ആത്മഹത്യാ ശ്രമം നടത്തിയ വിദ്യാർഥിനി സുഖമില്ലാതെ ഇരിക്കുമ്പോൾ ഭക്ഷണമുൾപ്പെടെ കൊടുക്കാൻ വാർഡൻ തയ്യാറായില്ല. വാർഡൻ വഴക്കുപറയുകയുംചെയ്‌തു. പെൺകുട്ടിക്ക്‌ രക്തസമ്മർദം കുറയുന്ന അസുഖമുണ്ട്. ഇതേ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഹോസ്റ്റലിൽ തിരിച്ചെത്തിയ ശേഷവും പെൺകുട്ടിയെ വാർഡൻ മാനസികമായി പീഡിപ്പിക്കുന്നത് തുടർന്നുവെന്ന്‌ സഹപാഠികൾ പറഞ്ഞു.

Advertisements
Share news