KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്തെ രണ്ടു ആശുപത്രികൾക്ക് കൂടി എൻക്യുഎഎസ് അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരം. കൊല്ലം കരവാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിനും തൃശൂർ ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിനുമാണ് അം​ഗീകാരം ലഭിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.

കൊല്ലം കരവാളൂർ കുടുംബാരോഗ്യ കേന്ദ്രം 91 ശതമാനം സ്‌കോറോടെയും തൃശൂർ ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രം 91.48 ശതമാനം സ്‌കോറോടെയുമാണ് അം​ഗീകാരം നേടിയെടുത്തത്. കുടുതൽ ആശുപത്രികൾക്ക് ദേശീയ ഗുണനിലവാര അംഗീകാരം നേടിയെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

ഇതോടെ സംസ്ഥാനത്തെ 176 ആശുപത്രികൾ എൻക്യുഎഎസ് അംഗീകാരവും 77 ആശുപത്രികൾ പുനഃഅംഗീകാരവും നേടിയെടുത്തു. അഞ്ചു ജില്ലാ ആശുപത്രികൾ, നാലു താലൂക്ക് ആശുപത്രികൾ, ഒമ്പത് സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 117 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻക്യുഎഎസ് അംഗീകാരം നേടിയിട്ടുള്ളത്.

Advertisements

എട്ടു വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നത്. എൻക്യുഎഎസ് അംഗീകാരത്തിന് മൂന്നു വർഷ കാലാവധിയാണുളളത്. മൂന്നു വർഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുനഃപരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എൻക്യുഎഎസ് അംഗീകാരം ലഭിക്കുന്ന പിഎച്ച്സികൾക്ക് രണ്ടു ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കും. ആശുപത്രി വികസനത്തിന് ഇതേറെ സഹായിക്കും.

Share news