ഇനി ഏത് അടിയന്തര സാഹചര്യങ്ങളും നേരിടാം: സിഐടിയു റെഡ് ബ്രിഗേഡ് രൂപീകരിച്ചു

അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ചുമട്ടുതൊഴിലാളികളുടെ നേതൃത്വത്തിൽ റെഡ് ബ്രിഗേഡിന് രൂപം നൽകി സി ഐ ടി യു. എറണാകുളം ജില്ലയിൽ നടന്ന സംസ്ഥാനത്തെ ആദ്യ ഘട്ട പരിപാടിയിൽ തെരഞ്ഞെടുത്ത ആയിരത്തോളം ചുമട്ട് തൊഴിലാളികൾ അണി നിരന്നു. വിദഗ്ധ പരിശീലനം ലഭിച്ചവരാണ് റെഡ് ബ്രിഗേഡിൻ്റെ ഭാഗമായത്.

അടിയന്തിര സാഹചര്യങ്ങളിളെല്ലാം ഓടിയെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരാണ് ചുമട്ടു തൊഴിലാളികൾ. ഓരോ ടൗൺ കേന്ദ്രീകരിച്ചും ഇവരുടെ സാന്നിധ്യമുള്ളള്ളതിനാൽ പല അപകട സാഹചര്യത്തിലും പൊലീസിനും ഫയർഫോഴ്സിനും മുന്നേ എത്തുവാനും രക്ഷകരായി മാറുവാനും ഇക്കൂട്ടർക്ക് സാധിക്കാറുണ്ട്. കൃത്യമായ പരിശീലനം നൽകി സി ഐ ടി യുവിൻ്റെ കീഴിലെ ചുമട്ടു തൊഴിലാളികളെ ഉൾപ്പെടുത്തി റെഡ് ബ്രിഗേഡ് എന്ന പേരിൽ സന്നദ്ധസേന രൂപീകരിക്കാനാണ് തീരുമാനം. ഇതിൻ്റെ ആദ്യ ഘട്ടമായാണ് എറണാകുളം ജില്ലയിൽ പരിശീലനം ലഭിച്ച ആയിരത്തോളം ചുമട്ടു തൊഴിലാളികൾ അണി നിരന്നത്.

മറ്റു ജില്ലകളിലുള്ളവർക്കും പരിശീലനം നൽകി വരികയാണ്. 2015ൽ കനിവ് ആക്ഷൻ ഫോഴ്‌സ് എന്ന പേരിൽ 500ഓളം പേർക്ക് പരിശീലനം നല്‍കിയിരുന്നു. കൂടാതെ പ്രാഥമിക ശുശ്രുഷക്ക് ആവശ്യമായ പരിശീലനവും റിട്ടയേർഡ് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അടിയന്തിര സാഹചര്യങ്ങളെ നേരിടുവാനുള്ള പരിശീലനവും ഇവർ നേടിക്കഴിഞ്ഞിട്ടുണ്ട്. റെഡ് ബ്രിഗേഡിൻ്റെ സംസ്ഥാനതല ഉത്ഘാടനം ഡിസംബറിൽ മറൈൻ ഡ്രൈവിൽ നടക്കും.

