കേരളത്തിൽ നിന്നുളള ആരോഗ്യ പ്രവർത്തകരെ ഡെന്മാർക്കിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് പുതിയ പദ്ധതിയുമായി നോർക്ക റൂട്സ്
.
കേരളത്തിൽ നിന്നുളള ആരോഗ്യ പ്രവർത്തകരെ ഡെന്മാർക്കിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് പുതിയ പദ്ധതിയുമായി നോർക്ക റൂട്സ്. ഡെന്മാർക്ക് മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൺസുമായുളള കരാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കൈമാറി. ആരോഗ്യമേഖലയുടെ മികവും ട്രിപ്പിള്‍ വിന് പദ്ധതി വിജയവുമാണ് കേരളത്തിലേയ്ക്ക് ആകര്‍ഷിച്ചതെന്ന് ഡെന്മാർക്ക് മന്ത്രി മെറ്റെ കിയർക്ക്ഗാർഡ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ഡെന്മാർക്കിലെ പൊതു ആരോഗ്യ മേഖലയിലേക്ക് ബി എസ് സി നഴ്സ്, സോഷ്യൽ ആൻഡ് ഹെൽത്ത് കെയർ അസിസ്റ്റന്റ്സ്, സോഷ്യൽ ആൻഡ് ഹെൽത്ത് കെയർ ഹെൽപ്പേഴ്സ് എന്നീ പ്രൊഫെഷനുകളിലേയ്ക്കാണ് റിക്രൂട്മെന്റ്. തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ബി 2 ലെവല്‍ വരെയുളള ഡാനിഷ് ഭാഷാ പരിശീലനവും ലഭ്യമാക്കും. റിക്രൂട്ട്മെന്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായിരിക്കും.

മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറില്‍ നടന്ന ചടങ്ങില്‍ ഡെന്മാര്ക്കിലെ മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൻസ് ഡെപ്യൂട്ടി പെര്‍മനന്റ് സെക്രട്ടറി കിർസ്റ്റൻ ഹാൻസനും നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും തമ്മിൽ കരാര്‍ കൈമാറി. സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ മികവും ട്രിപ്പിള്‍ വിന് പദ്ധതി വിജയവുമാണ് കേരളത്തിലേയ്ക്ക് ആകര്‍ഷിച്ചതെന്ന് ഡെന്മാർക്ക് മിനിസ്റ്റർ ഫോർ സീനിയർ സിറ്റിസൺസ് മെറ്റെ കിയർക്ക്ഗാർഡ് പറഞ്ഞു. കേരളസമൂഹത്തിന്റെ ക്ഷേമ വികസന കാഴ്ചപ്പാടുകള്‍ ഡെൻമാർക്കുമായി യോജിച്ചു പോകുന്നതാണെന്നും മെറ്റെ കിയർക്ക്ഗാർഡ് കൂട്ടിച്ചേർത്തു.

2024-ൽ ഒപ്പിട്ട ഇന്ത്യാ ഡെന്മാര്ക്ക് മൊബിലിറ്റി ആൻഡ് മൈഗ്രേഷൻ പങ്കാളിത്ത കരാറിന്റെ ഭാഗമായാണ് റിക്രൂട്ട്മെന്റ്. കരാര്‍ നടപടികള്‍ക്കായി ഡെന്മാര്ക്കില് നിന്നുളള എട്ടംഗ മന്ത്രിതല പ്രതിനിധി സംഘമാണ് തിരുവനന്തപുരത്തെത്തിയത്. നോര്‍ക്ക റസിഡൻസ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, വകുപ്പ് സെക്രട്ടറി ടി. വി അനുപമ തുടങ്ങിയവരും പാർട്ണർഷിപ്പ് മീറ്റില്‍ പങ്കെടുത്തു.



