തൃശൂരിൽ കഞ്ചാവുമായി ഇതര സംസ്ഥാന യുവാവ് പിടിയിൽ

ചാലക്കുടി: വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വില്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഇതര സംസ്ഥാന യുവാവ് പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശി അജിബുർ ഷെയ്ഖ് (26) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 17 കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി എത്തുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് ചാലക്കുടി പൊലീസും ലഹരിവിരുദ്ധ സേനയും ക്രൈം സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

എട്ട് പ്ലാസ്റ്റിക് കവറുകളിൽ കഞ്ചാവ് നിറച്ച് രണ്ട് ബാഗുകളിലായാണ് സൂക്ഷിച്ചിരുന്നത്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. വിശാഖപട്ടണത്തുനിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ഇയാൾ സമ്മതിച്ചു. പിടിയിലായ യുവാവ് നേരത്തേ അങ്കമാലി ഭാഗത്ത് കറിമസാല നിർമാണ കേന്ദ്രത്തിലെ ജോലിക്കാരനായിരുന്നു.

അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങിയ ഇയാൾ ആന്ധ്രയിൽനിന്ന് കഞ്ചാവ് ശേഖരിച്ച് ആവശ്യക്കാർക്ക് എത്തിച്ചു നല്കുന്ന കണ്ണിയായി. ആവശ്യക്കാരെ റെയിൽവേ സ്റ്റേഷനുകളുടെ പരിസരത്തേക്ക് വിളിച്ചുവരുത്തി വില്പന നടത്തുന്നതാണ് രീതിയെന്ന് പൊലീസ് പറഞ്ഞു.

