രോഗത്തിന്റെ മുമ്പിൽ ഒരാളും നിസഹായരാകാൻ പാടില്ല; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: രോഗത്തിന്റെ മുമ്പിൽ ഒരാളും നിസഹായരാകാൻ പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പരമാവധി പേർക്ക് സൗജന്യ ചികിത്സ നൽകുകയാണ് ലക്ഷ്യം. ആരോഗ്യ മേഖലയിൽ സർക്കാർ നടത്തിയ ഇടപെടലുകൾക്ക് ഫലമുണ്ടായി. നാഷണൽ സ്റ്റാറ്റിറ്റിക്‌സ് സർവേ പ്രകാരം പത്ത് വർഷം മുമ്പ് സംസ്ഥാനത്തെ ആരോഗ്യത്തിലെ ഔട്ട് ഓഫ് പോക്കറ്റ് എക്‌സ്‌പെൻഡിച്ചറിനേക്കാൾ ചികിത്സാ ചെലവ് പകുതിയായി കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം കേരളമായതിനാലാണ് ഈ നേട്ടം കൈവരിക്കാനായത്.

ഒരു വർഷം 1600 കോടിയിലധികം രൂപയാണ് സൗജന്യ ചികിത്സയ്ക്ക് മാത്രം സർക്കാർ ചെലവഴിക്കുന്നത്. സ്റ്റേറ്റ് ഹെൽത്ത് ഏജൻസി വരുന്നതിന് മുമ്പ് 30,000 രൂപ മാത്രമാണ് സൗജന്യ ചികിത്സയ്ക്കായി നൽകിയിരുന്നത്. ഈ സർക്കാരിന്റെ തുടക്കത്തിൽ രണ്ടര ലക്ഷം ക്ലെയിമുകളാണ് സൗജന്യ ചികിത്സയ്ക്ക് ഉണ്ടായിരുന്നത്. ഇപ്പോഴത് ആറേമുക്കാൽ ലക്ഷം കഴിഞ്ഞു. അതായത് 30,000 രൂപയിൽ നിന്നും 5 ലക്ഷം രൂപ ഒരു കുടുംബത്തിന്റെ ഓരോ അംഗത്തിനും ചികിത്സാ ആനുകൂല്യം ലഭ്യമാക്കുന്നു. സൗജന്യ ചികിത്സയിൽ കേരളം ശക്തമായ നിലപാടും പ്രവർത്തനങ്ങളും നടത്തിയതിന്റെ ഫലമാണിതെന്നും മന്ത്രി പറഞ്ഞു. പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

