പിഎസ്‍സി നിയമനത്തിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎസ്‍സി രാജ്യത്തിന് തന്നെ മാതൃകയാണെന്നും മാനദണ്ഡപ്രകാരം മാത്രമാണ് നിയമനം നടത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പിഎസ്‍സി നിയമനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നിയമനത്തിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഏതു വിധേനയുള്ള അന്വേഷണത്തിനും സർക്കാർ തയ്യാറാണെന്നും കൂട്ടിച്ചേർത്തു. “കുറ്റമറ്റതും സുതാര്യവുമായ തെരഞ്ഞെടുപ്പാണ് കമീഷൻ നടത്തി വരുന്നത്. അത്തരമൊരു ഭരണഘടനാ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ആരോപണങ്ങൾ ദൗർഭാഗ്യകരമാണ്.

മാധ്യമങ്ങളിൽ വന്ന ആരോപണങ്ങളല്ലാതെ ഇതുവരെ പിഎസ്‍സിയിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടില്ല”- മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് ഭരണകാലത്താണ് പിഎസ്‍സിയിൽ അംഗവർദ്ധന വന്നിട്ടുള്ളതെന്നും കോൺഗ്രസിന്റെ രീതികൾ വെച്ചാണ് പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

