എൻ എം വിജയൻ്റെ മരുമകൾ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു

കോൺഗ്രസ് നേതാക്കളുടെ തട്ടിപ്പിന് ഇരയായി മകനെ കൊന്ന് ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരുമകൾ ആത്മഹത്യക്കു ശ്രമിച്ചു. പത്മജയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കൈ ഞരമ്പ് കുറിച്ചായിരുന്നു ആത്മഹത്യാശ്രമം. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

കോൺഗ്രസ് നേതൃത്വം നടപടിയെടുക്കുമെന്ന് പറയുമ്പോഴും, ആ ഉറപ്പുകളെ ഒരു ശതമാനം പോലും വിശ്വസിക്കുന്നില്ലെന്ന് ഇന്നലെ പത്മജ പറഞ്ഞിരുന്നു. കാരണം, കോൺഗ്രസ് പാർട്ടി അവരോട് അങ്ങനെയാണ് പെരുമാറിയത്. അച്ഛൻ മരിച്ച് ഒരു വർഷത്തോട് അടുത്തിട്ടും കോൺഗ്രസ് പാർട്ടിയിൽ ഇപ്പോൾ ഒരു ശതമാനം പോലും വിശ്വാസമില്ല. ഇത് സ്വന്തം ജീവിതം പഠിപ്പിച്ച പാഠമാണെന്നും അവർ കൂട്ടിച്ചേർക്കുന്നു.

കോൺഗ്രസ് പാർട്ടിയെ വിശ്വസിക്കുന്നവരെ അവർ ചതിച്ചുകൊണ്ടിരിക്കുകയാണെന്ന് പത്മജ പറയുന്നു. അച്ഛൻ ഇത്രയും വർഷം പാർട്ടിക്ക് വേണ്ടി മാത്രം ജീവിച്ച വ്യക്തിയാണ്. പാർട്ടിയിൽ നിന്ന് ഒരു രൂപ പോലും സമ്പാദിക്കാത്ത, സ്വന്തം സ്വത്ത് മുഴുവൻ പാർട്ടിക്ക് വേണ്ടി നൽകി ഒന്നുമില്ലാതായിപ്പോയ ഒരാളായിരുന്നു അച്ഛൻ. എന്നാൽ, അങ്ങനെയുള്ള തങ്ങളോട് അവർ ഒരു നീതിയും കാണിക്കുന്നില്ല. പറഞ്ഞ വാക്കുകൾ അവർ വീണ്ടും വീണ്ടും തെറ്റിക്കുകയാണ്.

അച്ഛൻ വിശ്വസിച്ച പാർട്ടിയോടൊപ്പം നിന്നവരാണ് തങ്ങളെന്നും, എന്നാൽ കോൺഗ്രസ് നേതാക്കൾ തങ്ങളെ ചതിക്കുകയാണെന്നും പത്മജ പറഞ്ഞിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വേണ്ടി ടി. സിദ്ദീഖുമായി ഒരു കരാർ ഒപ്പിട്ടിരുന്നു. പത്മജയും ഭർത്താവും സിദ്ദീഖും ചേർന്നാണ് അതിൽ ഒപ്പിട്ടത്. കരാറിന്റെ ഒരു കോപ്പി പോലും എടുക്കാതെ, വക്കീലിന്റെ അടുത്ത് സുരക്ഷിതമായി ഇരിക്കട്ടെ എന്ന് വിശ്വസിച്ച് എം.എൽ.എയുടെ വാക്ക് വിശ്വസിച്ചാണ് അവർ അത് അവിടെ വെച്ചത്.

ജൂൺ 30-നകം ചെയ്തുതീർക്കാമെന്ന് പറഞ്ഞ കാര്യങ്ങൾ ജൂലൈയും ഓഗസ്റ്റും കഴിഞ്ഞിട്ടും നടന്നില്ല. തന്റെ ഭർത്താവ് കടുത്ത മാനസിക വിഷാദവും സ്ട്രോക്കും കാരണം 10 ദിവസം ആശുപത്രിയിൽ കിടന്നപ്പോഴും ടി. സിദ്ദീഖ് സഹായിച്ചില്ല. സിദ്ദീഖ് ആശുപത്രിയിൽ വന്ന് ഭർത്താവിന്റെ അവസ്ഥ മനസ്സിലാക്കിയിട്ടും, ആശുപത്രി ബില്ല് അടയ്ക്കാൻ ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ ഫോൺ എടുക്കാൻ പോലും തയ്യാറായില്ല. ഒടുവിൽ പി.വി. അൻവറിനെ വിളിച്ച് സഹായം അഭ്യർത്ഥിക്കേണ്ടി വന്നു. സിദ്ദീഖ് തങ്ങളെ ചതിക്കുകയാണെന്ന് അപ്പോഴാണ് തനിക്ക് മനസ്സിലായതെന്നും പത്മജ പറഞ്ഞു.
പിറ്റേ ദിവസം കൽപറ്റയിലെ വക്കീലിന്റെ ഓഫീസിൽ പോയപ്പോൾ, കൽപറ്റ എം.എൽ.എയുടെ പി.എ. വന്ന് കരാർ കൊണ്ടുപോയി എന്ന് അറിഞ്ഞു. തങ്ങളുടെ അനുമതിയില്ലാതെ കരാർ കൊണ്ടുപോയത് ശരിയല്ലെന്നും, ഒരു കോപ്പി നൽകാത്തത് നിയമപരമായി തങ്ങളുടെ അവകാശത്തെ നിഷേധിക്കുന്നതിന് തുല്യമാണെന്നും അവർ പറയുന്നു.
അച്ഛൻ സണ്ണി ജോസഫ് എം.എൽ.എയ്ക്ക് വേണ്ടി പാർട്ടിക്ക് വേണ്ടി ഉണ്ടാക്കിയ കടങ്ങൾ തീർക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കരാറിൽ പറഞ്ഞിരുന്നത്. തങ്ങൾ താമസിക്കുന്ന വീടിന്റെ പട്ടയം ബത്തേരി അർബൻ ബാങ്കിൽ 60 ലക്ഷം രൂപയ്ക്ക് പണയത്തിലാണ്. അർബൻ ബാങ്ക് നിയമനത്തിന് വേണ്ടി അച്ഛൻ ഉദ്യോഗാർത്ഥികളിൽ നിന്ന് വാങ്ങിയ പണം, ബി.ജെ.പി ഭരണത്തിൽ വന്നപ്പോൾ തന്റെ വസ്തു പണയപ്പെടുത്തി കൊടുക്കേണ്ടി വന്നതിനെക്കുറിച്ചും തന്റെ മക്കളെയെങ്കിലും രക്ഷിക്കണമെന്ന് അച്ഛൻ കത്തിൽ എഴുതിയിരുന്നു. തങ്ങളുടെ വീട് ജപ്തിയുടെ വക്കിലാണെന്നും, കോൺഗ്രസ് ഈ കടം തീർത്ത് വീട് തിരികെ നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നതായും പത്മജ പറയുന്നു. എന്നാൽ, ഇപ്പോൾ ഘട്ടം ഘട്ടമായി മാത്രമേ ഇത് ചെയ്യാൻ കഴിയൂ എന്നാണ് അവർ പറയുന്നത്. ഈ ഘട്ടങ്ങൾ എത്ര കാലമെടുക്കുമെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അർബൻ ബാങ്കിൽ പലിശ സഹിതം 60 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. ഈ വീട് ജപ്തിയിൽ നിന്ന് തിരികെയെടുക്കുന്നതിനുള്ള പണം ഇന്ത്യൻ നാഷണൽ കോൺഗ്രസ് നൽകാമെന്ന് കരാറിൽ പറഞ്ഞിരുന്നു. അച്ഛൻ ഈ കടം വരുത്തിവെച്ചത് വ്യക്തിപരമായ ആവശ്യങ്ങൾക്കല്ലെന്നും, പാർട്ടിക്ക് വേണ്ടിയാണെന്നും കുടുംബം പറയുന്നു.
സ്വന്തം ഭൂമി പണയം വെക്കേണ്ട ആവശ്യം തങ്ങൾക്കുണ്ടായിരുന്നില്ലെന്നും, അത്രയും പണം കയ്യിലുണ്ടായിരുന്നെങ്കിൽ തങ്ങളുടെ ജീവിതസാഹചര്യം ഇങ്ങനെയാകില്ലായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. പാർട്ടിക്ക് വേണ്ടി അച്ഛൻ തന്റെ സ്വർണ്ണവും സ്വത്തും പണയപ്പെടുത്തി പാർട്ടിയുടെ മുഖം രക്ഷിക്കാൻ ശ്രമിച്ചുവെന്നും എന്നാൽ ഒരു ഘട്ടത്തിൽ അത് കൈവിട്ടുപോയെന്ന് തോന്നിയപ്പോഴാണ് പാർട്ടി തങ്ങളെ രക്ഷിക്കുമെന്ന ധാരണയിൽ ഇങ്ങനെ ചെയ്തതെന്നും വെളിപ്പെടുത്തി.
അച്ഛൻ എഴുതിയ കത്തിൽ ഐസി ബാലകൃഷ്ണന്റെ നിർദ്ദേശപ്രകാരമാണ് താൻ ഇതെല്ലാം ചെയ്തതെന്ന് വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ബത്തേരി അർബൻ ബാങ്ക് ബിജെപി ഭരണത്തിൽ വന്ന ഒരു വർഷം, വാങ്ങിയ പണം തിരിച്ചു കൊടുക്കാനായി ഐസിയുടെ നിർദ്ദേശപ്രകാരം തന്റെ വീടിരിക്കുന്ന പട്ടയം അർബൻ ബാങ്കിൽ പണയം വെച്ചാണ് താൻ അന്ന് പണം കൊടുത്തതെന്നും, ആ കടം ഇന്നത്തെ തീയതിക്ക് വലിയൊരു തുകയായി മാറിയെന്നും കത്തിൽ പറയുന്നു.
ഉദ്യോഗാർത്ഥികളിൽ നിന്ന് നിയമനം നൽകാമെന്ന് പറഞ്ഞ് പാർട്ടി നിർദ്ദേശാനുസരണമാണ് പണം വാങ്ങിയതെന്നും ഈ പണം ഐസി ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണോ അച്ഛൻ വീട് പണയപ്പെടുത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചതെന്നും ചോദ്യം ഉയർന്നിരുന്നു.
അച്ഛന്റെ മരണശേഷം ഐസി ബാലകൃഷ്ണൻ ഈ കാര്യങ്ങൾ പൂർണ്ണമായും നിഷേധിക്കുകയായിരുന്നു. തനിക്കിതിൽ യാതൊരു പങ്കുമില്ലെന്നും, താൻ പറഞ്ഞിട്ടല്ല വിജയേട്ടൻ ഇതൊന്നും ചെയ്തതെന്നും തനിക്കറിയില്ലെന്നും ഐസി ബാലകൃഷ്ണൻ നേതാക്കളോട് പറഞ്ഞതായി കുടുംബം പറയുന്നു. എന്നാൽ, അച്ഛൻ എഴുതിയ കത്ത് പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ ഭാവം മാറിയെന്ന് കുടുംബം വെളിപ്പെടുത്തി. കത്ത് കാണിക്കുന്നതിനുമുമ്പ്, താൻ വിജയനെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും രാഹുൽ ഗാന്ധിയുടെ പിഎയുടെ സാലറി സർട്ടിഫിക്കറ്റ് വെച്ച് താൻ പണം എടുത്തു കൊടുത്തുവെന്നും ഐസി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. എന്നാൽ, അച്ഛന്റെ കത്തിൽ രാഹുൽ ഗാന്ധിയുടെ പിഎയുടെ സാലറി സർട്ടിഫിക്കറ്റ് വെച്ച് താൻ ഒരു ഉദ്യോഗാർത്ഥിക്ക് പണം കൊടുത്തുവെന്നും ആ പൈസയും താനാണ് അടച്ചുതീർത്തതെന്നും എഴുതിയിരുന്നത് ഐസിയുടെ കഥകളെ പൊളിച്ചു. കത്ത് വായിച്ചുകേൾപ്പിച്ചപ്പോൾ അദ്ദേഹം പെട്ടെന്ന് പ്രതികരിച്ചുവെന്നും “അടുത്ത മന്ത്രി ഞാനാണ്” എന്ന് തങ്ങളോട് പറഞ്ഞതായും മരുമകൾ ഓർക്കുന്നു.
“ആത്മഹത്യയോ അല്ലെങ്കിൽ ദേഹാസ്വാസ്ഥ്യം മൂലമോ ഞാൻ മരിച്ചാൽ ഉത്തരവാദി പാർട്ടിയാണ്” എന്ന് അച്ഛൻ കത്തിൽ എഴുതിവെച്ചിട്ടുണ്ടായിരുന്നു. അച്ഛന്റെ അലമാരയിൽ സാധാരണ പേപ്പറുകൾ വെക്കുന്ന സ്ഥലത്ത് പോലീസ് പരിശോധിച്ചെങ്കിലും അവിടെ കത്ത് ഉണ്ടായിരുന്നില്ല. സ്വബോധം നഷ്ടപ്പെടുന്നതിന് തൊട്ടുമുമ്പ് ഭർത്താവിനെ മാത്രം വിളിച്ച് അച്ഛൻ ചില കാര്യങ്ങൾ പറഞ്ഞിരുന്നു. അച്ഛൻ മരിച്ചതിന് ശേഷവും തുടർച്ചയായ ചോദ്യങ്ങൾ വന്നപ്പോഴാണ് ഭർത്താവിനോട് തപ്പാൻ ആവശ്യപ്പെട്ടതെന്നും, അന്ന് രാത്രിയാണ് തങ്ങൾക്ക് ആ കത്ത് ലഭിക്കുന്നതെന്നും മരുമകൾ പറയുന്നു.
അച്ഛന്റെ നില വഷളായപ്പോൾ ആശുപത്രിയിൽ വെച്ച് കുടുംബം ആദ്യം വിളിച്ചത് എംഎൽഎയെ (ഐസി ബാലകൃഷ്ണനെ) ആയിരുന്നു. അപ്പോൾ അദ്ദേഹം “ഞാൻ വന്നുകൊണ്ടിരിക്കുകയാണ് മക്കളെ നിങ്ങൾ വിഷമിക്കണ്ട” എന്ന് പറഞ്ഞ് സമാധാനിപ്പിച്ച വ്യക്തിയാണെന്ന് കുടുംബം ഓർക്കുന്നു. തുടക്കത്തിൽ, അച്ഛൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ലോണിനായി ശ്രമിച്ചപ്പോൾ അത് ലഭിക്കാത്തതിന്റെ ബുദ്ധിമുട്ടിൽ ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് കുടുംബം കരുതിയത്. ഇത്രയും വലിയൊരു പ്രശ്നവും, ഇതിന് പിന്നിൽ വലിയൊരു വിഭാഗം ആളുകളുണ്ടെന്നും കുടുംബം ചിന്തിച്ചിരുന്നില്ല. അഞ്ച് ദിവസത്തോളം ആക്ഷേപങ്ങൾ കേട്ടിട്ടും കുടുംബം കത്ത് ആരെയും കാണിച്ചിരുന്നില്ല. അഞ്ചാം ദിവസം വിഡി സതീശൻ, കെ സുധാകരൻ തുടങ്ങിയ നേതാക്കളെ കാണിക്കുന്നതിന് മുമ്പ് ആദ്യം പോയി കണ്ടത് ഐസി ബാലകൃഷ്ണനെ ആയിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ വെച്ചാണ് കത്ത് വായിച്ചുകേൾപ്പിച്ചത്.
അച്ഛനെ ദഹിപ്പിക്കരുത് എന്ന് കത്തിൽ എഴുതിവെച്ചിട്ടുണ്ടായിരുന്നിട്ടും, ഐസി ബാലകൃഷ്ണനും ചില കോൺഗ്രസുകാരും ചേർന്ന് ദഹിപ്പിക്കുന്നതിനെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചതായി കുടുംബം പറയുന്നു. കത്ത് ഒരു തെളിവായതുകൊണ്ട് കുടുംബപ്രശ്നമാക്കി മാറ്റി മരണത്തെ വരുത്തിത്തീർക്കാൻ വലിയൊരു ഗൂഢാലോചന ഇതിന്റെ പിന്നിൽ ഉണ്ടായിരുന്നു എന്നും അവർ ആരോപിച്ചു.
