നിവിൻ പോളി ക്രൈംബ്രാഞ്ച് എഡിജിപിക്ക് പരാതി നൽകി
കൊച്ചി: പീഡനപരാതിയിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് നടൻ നിവിൻ പോളി ക്രൈംബ്രാഞ്ച് എഡിജിപിക്ക് പരാതി നൽകി. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയാണ് പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ദുബായിലെ ഹോട്ടൽമുറിയിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു നിവിൻ പോളിക്കെതിരെ യുവതി നൽകിയ പരാതി.

ആരോപണം നിഷേധിച്ച നിവിൻ പോളി ഡിജിപിക്ക് ഇ മെയിലിൽ പരാതി അയച്ചിരുന്നു. അതിന്റെ പകർപ്പാണ് എഡിജിപിക്ക് നൽകിയത്. കഴിഞ്ഞ വർഷം ഡിസംബർ 15നാണ് പീഡനം നടന്നതായി പരാതിക്കാരി ആരോപിച്ചത്. ഈ ദിവസങ്ങളിൽ താൻ കേരളത്തിൽ ഷൂട്ടിങ്ങിലായിരുന്നുവെന്ന് നിവിൻ പോളി വ്യക്തമാക്കി.

ആരോപണത്തിൽ പറയുന്ന ദിവസങ്ങളിൽ നിവിൻ തന്നോടൊപ്പം ഷൂട്ടിങ്ങ് സെറ്റിലായിരുന്നുവെന്ന് വിനീത് ശ്രീനിവാസനും നടി പാർവതി കൃഷ്ണയും പറഞ്ഞിരുന്നു. നേര്യമംഗലം സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നിവിന്‍ പോളിക്കെതിരെ പീഡന കേസ് രജിസ്റ്റര്‍ ചെയ്തത്. എറണാകുളം ഊന്നുകല്‍ പൊലീസാണ് കേസെടുത്തത്. കേസില്‍ ആറാം പ്രതിയാണ് നിവിൻ.

