വവ്വാലുകളിൽ നിപാ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു; ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്
കൽപ്പറ്റ: വയനാട്ടിലെ വവ്വാലുകളിൽ നിപാ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്. സെപ്തംബറിൽ കോഴിക്കോട്ട് രോഗം റിപ്പോർട്ട് ചെയ്തതുമുതൽ വയനാട്ടിലും ജാഗ്രതാനിർദേശം നൽകിയിരുന്നു. ചികിത്സക്കുള്ള സംവിധാനങ്ങൾ സജ്ജമാണ്. മാനന്തവാടിയിലെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് ഒരുക്കി.

രോഗലക്ഷണമോ സംശയമോ ഉള്ളവരുടെ സാമ്പിളുകൾ പരിശോധനക്ക് ആലപ്പുഴയിലെ വൈറോളജി ലാബിലേക്കും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ലാബിലേക്കും അയക്കുന്നുണ്ട്. പനിബാധിതരെ ആശുപത്രികളിൽ പ്രതേകം ശ്രദ്ധിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പി ദിനീഷ് പറഞ്ഞു. പിഎച്ച്സി മുതലുള്ള നഴ്സുമാർ, നഴ്സിങ് അസിസ്റ്റന്റുമാർ, ശുചീകരണ ജീവനക്കാർ എന്നിവർക്ക് പ്രത്യേക പരിശീലനം പൂർത്തിയാക്കി.

ഡോക്ടർമാർക്ക് ഓൺലൈനായി പരിശീലനം നൽകുന്നുണ്ട്. ബത്തേരിയിൽ നിന്നെടുത്ത വവ്വാലുകളുടെ സാമ്പിളിലാണ് നിപാ വൈറസിന്റെ സാന്നിധ്യം ഐസിഎംആർ സ്ഥിരീകരിച്ചത്. മുന്നൊരുക്കവും പ്രതിരോധവും ശക്തമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കലക്ടർ ഡോ. രേണുരാജും അറിയിച്ചു.




