KOYILANDY DIARY.COM

The Perfect News Portal

നിപ; കോഴിക്കോട് കണ്ടെയിന്‍മെൻറ് സോണുകളിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

 കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെയും ഫറോക്കിലെയും കണ്ടെയിന്‍മെൻറ് സോണുകളിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ജില്ലയില്‍ പൊതുവായ ജാഗ്രത തുടരണം. ചെറുവണ്ണൂരില്‍ നിപ രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെയും കോഴിക്കോട്  കോര്‍പ്പറേഷനിലെ ബന്ധപ്പെട്ട വാര്‍ഡുകളിലെയും കണ്ടെയിന്‍മെൻറ് സോണുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. 
ആരോഗ്യ വിദഗ്ധസമിതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കണ്ടെയിന്‍മെൻറ് സോണില്‍ ഉള്‍പ്പെടുത്തിയ മുഴുവന്‍ വാര്‍ഡുകളിലെയും നിയന്ത്രണങ്ങള്‍ പിന്‍വലിച്ച്  ജില്ലാ കലക്ടര്‍ എ ഗീത ഉത്തരവിറക്കി. ചെറുവണ്ണൂരില്‍ രോഗബാധ സ്ഥിരീകരിച്ച ആളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവരെയും കണ്ടെത്തിയിരുന്നു. ഇവരുടെയെല്ലാം പരിശോധനാ സാമ്പിളുകള്‍ നെഗറ്റീവ് ആയതിൻൻറെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്. 
എന്നാല്‍ പോസിറ്റീവ് ആയവരുമായി അടുത്ത സമ്പര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് ക്വാറൻറീനില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പിൻറെ നിര്‍ദേശം ലഭിക്കുന്നതുവരെ ക്വാറൻറീനില്‍ തുടരണം. ഇക്കാര്യം ബന്ധപ്പെട്ട വാര്‍ഡുകളിലെ ആര്‍. ആര്‍. ടിമാരും ആരോഗ്യപ്രവര്‍ത്തകരും ഉറപ്പുവരുത്തും. ജില്ലയില്‍ ഒക്ടോബര്‍ ഒന്ന് വരെയുള്ള പൊതുപരിപാടികള്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കണം.
പൊതുജനങ്ങള്‍ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കുകയും ചെയ്യണം. നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് പോലീസ് ഉറപ്പുവരുത്തും. ജില്ലയില്‍ പൊതുവായി ഏര്‍പ്പെടുത്തിയ ജാഗ്രത തുടരണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വടകര താലൂക്കിലെ കണ്ടെയിന്‍മെൻറ് സോണുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ സെപ്റ്റംബര്‍ 21ന് പിന്‍വലിച്ചിരുന്നു. ഇതോടെ ജില്ലയില്‍ നിപ്പയുമായി ബന്ധപ്പെട്ട കണ്ടെയ്‌ന്മെൻറ് സോണുകള്‍ ഇല്ലാതായി.
Share news